Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഉത്ഭവിച്ച രണ്ടാം കോളറ മഹാമാരിക്കാലത്ത് സൗദിയിൽ ഹജിന് തടസ്സമുണ്ടായി -ചരിത്ര ഗവേഷകൻ

  • ഹജ് ഒരിക്കലും പൂർണമായി നിർത്തിവെച്ചിട്ടില്ല -ഹജ് ഉംറ ഗവേഷണ സ്ഥാപനം  

റിയാദ്- ഇന്ത്യയിൽ നിന്നുൽഭവിച്ച് ഏഷ്യ, യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങളിൽ വ്യാപിച്ച കോളറ മഹാമാരിയുടെ ഒരു ഘട്ടത്തിൽ സൗദി അറേബ്യയിൽ ഹജ് നിർത്തിവെക്കേണ്ടിവന്നിരുന്നുവെന്ന് പ്രമുഖ സൗദി ചരിത്ര ഗവേഷകൻ ഉമർ ദീബാൻ. 1831 ലുണ്ടായ രണ്ടാം കോളറ മഹാമാരിക്കാലത്ത് ഇന്ത്യൻ ഹാജിമാർ മുഖേന ജിദ്ദയിലും മക്കയിലുമടക്കം നിരവധി പേർ രോഗബാധിതരാവുകയും ധാരാളം ഹാജിമാർ മരിക്കുകയും തുടർന്ന് രോഗവ്യാപന ഭീതിയിൽ ഭരണാധികാരികൾ ഹജ് താത്കാലികമായി ആ വർഷം നിർത്തിവെക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇസ്ലാമിക ചരിത്രത്തിൽ ഒരു ഘട്ടത്തിലും ഹജ് പൂർണമായി നിർത്തിവെച്ചിട്ടില്ലെന്നും ഏതാനും പേരെങ്കിലും ചേർന്ന് അത് നിർവഹിച്ചിട്ടുണ്ടെന്നും ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയിലെ ഹജ് ഉംറ ഗവേഷണ സ്ഥാപനം വ്യക്തമാക്കി.
ഇക്കാലത്ത് മാത്രമല്ല ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധി, മഹാമാരികൾ, പ്രകൃതി ദുരന്തം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി പല കാരണങ്ങളാൽ പലപ്പോഴായി ഹജ് തീർഥാടനം നിർത്തിവെച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആദം നബിയുടെ കാലം മുതൽ തന്നെ ഹജ് ആരംഭിച്ചിരുന്നു. നൂഹ് നബിയുടെ കാലത്തെ പ്രളയ സമയത്താണ് ആദ്യമായി ഹജ് ചടങ്ങുകൾ നിർത്തിവെച്ചത്. 40 ഓളം പ്രാവശ്യം ഹജ് നിർത്തിവെക്കേണ്ടിവന്നിട്ടുണ്ടെന്നാണ് ഇസ്ലാമിക ചരിത്രം പറയുന്നത്. 

മുസ്‌ലിം ഖലീഫമാരുടെ കാലത്ത് ആദ്യമായി ഹജ് ഇല്ലാതായത് ഖവാരിജ് വിഭാഗം മക്ക കീഴടക്കിയപ്പോഴാണ്. ഹിജ്‌റ 129ൽ മദീനയിലെ അബൂ ഹംസ അൽമുഖ്താർ ബിൻ ഔഫ് അൽഖാരിജി നിരവധി ഹാജിമാരെ കൊലപ്പെടുത്തി മക്ക കീഴടക്കി. പ്രസ്തുത വർഷം ഹജ് നടന്നില്ല. അൽഅഹ്‌സയിലെ ഖറാമിത്വ വിഭാഗം ഹിജ്‌റ 317ൽ ഹജറുൽ അസ്‌വദ് മോഷ്ടിച്ചു കൊണ്ടുപോയ സംഭവത്തെ തുടർന്ന് പത്ത് വർഷം ഹജ് നീട്ടിവെക്കേണ്ടിവന്നു. മക്കയിലുണ്ടായ ഖറാമിത്വ ആക്രമണത്തിൽ 30000 ഹാജിമാരാണ് കൊല്ലപ്പെട്ടത്. സംസം കിണർ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ഹി. 357 ലും 417ലും 1230ലും പ്ലേഗ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിച്ചപ്പോൾ മക്കയിലേക്ക് ഹാജിമാർക്ക് എത്താൻ സാധിച്ചില്ല. ഈ മൂന്നുവർഷവും ഹജ് നടന്നിരുന്നില്ല. 
അറബ് ലോകത്ത് രാഷ്ട്രീയ പ്രതിസന്ധികൾ ഉടലെടുത്ത ചില സമയങ്ങളിലും ഹജ് നടന്നിരുന്നില്ലെന്ന് ഉമർ പറയുന്നു. കുരിശുയുദ്ധത്തോടനുബന്ധിച്ച് ഹിജ്‌റ 492ലും ഇറാഖ്, ഖുറാസാൻ ഭാഗങ്ങളിലെ മരുഭൂ കൊള്ളക്കാരുടെ ആധിക്യം കാരണം 403 ലും ഈജിപ്ത്, അൾജീരിയൻ ഹാജിമാരെ തടഞ്ഞുകൊണ്ട് 1213 ലുണ്ടായ ഫ്രഞ്ച് ആക്രമണ സമയത്തും ഹജ് നടന്നില്ല. 
ഈജിപ്തിൽ നിന്ന് കഅ്ബയുടെ കിസ്‌വ കൊണ്ടുവരുന്ന ഒട്ടക സംഘത്തിന് നേരെ ആക്രമണമുണ്ടായ 1344 കാലത്തും ഹജ് നടന്നില്ല. മക്കയിലേക്കുള്ള കപ്പൽ സർവീസ് അന്ന് ഫ്രഞ്ച് സർക്കാർ നിർത്തിവെച്ചതും ഹജിന് ആളുകൾക്ക് എത്താൻ പ്രയാസമായി- ഉമർ പറഞ്ഞു.

എന്നാൽ ഏത് ദുരന്തസമയത്തും പൂർണമായി നിർത്തിവെച്ചതായി ചരിത്രത്തിലില്ലെന്ന് ഹജ്, ഉംറ ഗവേഷണത്തിനുള്ള  ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിലെ മഅ്ഹദ് ഖാദിമുൽ ഹറമൈൻ അൽശരീഫൈൻ പഠന റിപ്പോർട്ടിൽ പറയുന്നു. ചില രാജ്യക്കാർക്ക് ചില കാലങ്ങളിൽ ഹജിനെത്താൻ സാധിച്ചിട്ടില്ല. ചില ഘട്ടങ്ങളിൽ വ്യാപമായ തോതിൽ ആൾകൂട്ടമായി ഹജ് നടന്നിട്ടില്ല. 
ഖറാമിത്വകളുടെ ആക്രമണ കാലത്ത് പോലും ഏതാനും പേർ പുണ്യനഗരങ്ങളിൽ നടന്നുപോയി ഹജ് ചെയ്തിട്ടുണ്ട്. അവസാന നാളിന്റെ അടയാളമായ യഅ്ജൂജ്, മഅ്ജൂജിന്റെ ആഗമനത്തിന് ശേഷമേ ഹജിന്റെ തുടർച്ച മുറിയുകയുള്ളൂവെന്നും ഹദീസുകളുദ്ധരിച്ച് പഠന റിപ്പോർട്ടിലുണ്ട്.

 

Latest News