തിരുവനന്തപുരം- കൺസൾട്ടൻസി കരാറുകൾ, അനധികൃത നിയമനങ്ങൾ, ഭൂമി ഇടപാടുകൾ തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട വഴിവിട്ട നടപടികളെ സംബന്ധിച്ച് സംയുക്ത നിയമസഭാ സമിതി അന്വേഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
കേരള ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വിധം ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി അഴിമതി നിറഞ്ഞ ഇടപാടുകളുടെ കേന്ദ്രമായി മാറിയിരിക്കയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് സ്വർണക്കടത്തു കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്ന് തെളിയുകയാണ്. ഐ.ടി വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം കരിമ്പട്ടികയിലുൾപ്പെട്ട കമ്പനികളുമായി നിരവധി കൺസൾട്ടൻസി കരാറുകളിലാണ് ഏർപ്പെട്ടത്. ചീഫ് സെക്രട്ടറിയുടെ തന്നെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ മൊബിലിറ്റി പദ്ധതിയിലെ കൺസൽട്ടൻസി സ്ഥാനത്ത് നിന്ന് വിവാദ കമ്പനിയായ പി.ഡബ്ല്യൂ.സിയെ സർക്കാരിന് ഒഴിവാക്കേണ്ടി വന്നു.
ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന എൻ.ഐ.എ അന്വേഷണത്തിന്റെ മറപിടിച്ച് മറ്റുള്ള ആരോപണങ്ങളെ കണ്ടില്ലെന്നു നടിക്കാനുള്ള നീക്കമാണ് പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. ഇത്തരം ഇടപെടലുകൾ സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യമാണ്. ഇത് സംബന്ധിച്ച് കേരള നിയമസഭ സംയുക്ത നിയമസഭാ സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി വസ്തുതകൾ ജനങ്ങളുടെ മുമ്പാകെ കൊണ്ടുവരണമെന്നും സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.






