യു.കെയില്‍ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ബാധിച്ചത് ഉടമയില്‍ നിന്ന്

ലണ്ടന്‍-യുകെയില്‍ ഇതാദ്യമായി വീട്ടിലെ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ വളര്‍ത്തുമൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണിതെന്നും എന്നാല്‍ ഇതൊരു മുന്നറിയിപ്പിന് കാരണമല്ലെന്നും ഇംഗ്ലണ്ട് പബ്ലിക് ഹെല്‍ത്ത് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ യോണ്‍ ഡോയ്ല്‍ പറഞ്ഞു. ഉടമയില്‍ നിന്നാണ് പൂച്ചയ്ക്ക് കോവിഡ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കാണ് രോഗം പടര്‍ന്നതെന്നാണ് ഈ കേസിലെ അന്വേഷണം സൂചിപ്പിക്കുന്നത്. പൂച്ചകളില്‍ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പകരുന്നതിന് തെളിവുകളില്ലെന്ന് ബ്രീട്ടീഷ് സര്‍ക്കാരും അറിയിച്ചു. മൃഗങ്ങളില്‍ കൊറോണ വൈറസിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് പൂച്ചകളാണെന്നും മറ്റു പൂച്ചകളിലേക്ക് ഇത് പകരുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
മൃഗങ്ങളിലേക്ക് രോഗം പടരുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും നേരിയ ലക്ഷണങ്ങള്‍ കാണിക്കുന്ന ഇവ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുഖംപ്രാപിക്കുമെന്നും ഇംഗ്ലീഷ് വെറ്റിനറി ഓഫീസര്‍ ക്രിസ്റ്റന്‍ മിഡില്‍മിസ് പറഞ്ഞു. പൂച്ചയും ഉടമയും നിലവില്‍ രോഗമുക്തരായിട്ടുണ്ട്. മറ്റു മൃഗങ്ങളിലേക്കോ വീട്ടിലെ മറ്റുള്ള ആളുകളിലേക്കോ ഇവരില്‍ നിന്ന് രോഗം പകര്‍ന്നിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.ചൊറി ബാധിച്ച് അവശത അനുഭവപ്പെട്ട പൂച്ചയുടെ സ്രവം വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ആദ്യ സംഭവമാണെങ്കിലും അമേരിക്കയിലും മറ്റു ചിലരാജ്യങ്ങളിലും മൃഗങ്ങളിലൂടെ വൈറസ് വ്യാപിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. എങ്കിലും വളര്‍ത്തു മൃഗങ്ങളേറെയുള്ള യുകെയില്‍ മൃഗങ്ങളിലെ കൊറോണ ആശങ്കയുളവാക്കുന്നതാണ്.
 

Latest News