Sorry, you need to enable JavaScript to visit this website.

കുട്ടികളുടെ ആത്മഹത്യകളും 'ചിരി പദ്ധതി'യും 

കോവിഡ് കാലം മാനസികമായി ഏറ്റവും തകർത്തിരിക്കുന്നത് കുട്ടികളെ തന്നെ.  പരീക്ഷകളുടെ അസന്ദിഗ്ധാവസ്ഥ, മധ്യകാലാവധി കൂട്ടുകാരുമൊത്ത് ആഘോഷിക്കാൻ കഴിയാതിരുന്നത്, മുഴുവൻ സമയവും വീട്ടിലിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക പിരുമുറുക്കങ്ങൾ, ഏതു സമയത്തും മാതാപിതാക്കളുടെ കർശന നിയന്ത്രണം, പരിചിതമല്ലാത്ത ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ടെൻഷൻ, കൂട്ടുകാരുമായി ബന്ധപ്പെടാനുള്ള ഏകമാർഗമായ മൊബൈൽ ഉപയോഗത്തിനുള്ള കർശന നിയന്ത്രണം തുടങ്ങിയവയെല്ലാം അവരെ തളർത്തുന്നു. ഇന്നോളം ഒരു തലമുറയും നേരിടാത്ത ദുരന്തങ്ങളാണ് കുട്ടികൾ നേരിടുന്നത്. അതിന്റെ പ്രതിഫലനം കാണുകയും ചെയ്തു. 


കോവിഡ് കാലത്ത് എഴുപതോളം കുട്ടികളാണല്ലോ ആത്മഹത്യ ചെയ്തത്. ഇത്തരമൊരു സാഹചര്യത്തിലാണ് സുരക്ഷിതവും ആനന്ദകരവുമായ ഒരു കുട്ടിക്കാലത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ചിരി എന്ന പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ തിരിച്ചറിയുക, മാനസികമായി ദുർബലാവസ്ഥ അനുഭവിക്കുന്ന കുട്ടികൾക്ക്  സഹായങ്ങൾ നൽകുക, എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ കുട്ടിയുടെയും മനോനിലയെ ശാസ്ത്രീയ വിശകലനം ചെയ്ത് സൈക്കോ-സോഷ്യൽ സപ്പോർട്ട് ഉറപ്പു വരുത്തും തുടങ്ങി നിരവധി നിർദേശങ്ങൾ പദ്ധതിയിലുണ്ട്. തീർച്ചയായും ഈ നീക്കം സ്വാഗതാർഹം തന്നെ. അതേസമയം കുട്ടികൾ നേരിടുന്ന വിഷയങ്ങൾ കേവലം കോവിഡ് കാലത്തിന്റേതല്ല എന്നതാണ് വസ്തുത. 
ഇക്കാലത്ത് അവ കൂടുതൽ ദൃശ്യമായെന്നു മാത്രം. ജനുവരി മുതലുള്ള കണക്കിൽ 120 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. കോവിഡ് മാത്രമല്ല വിഷയം എന്നതിന് വേറെ തെളിവു വേണോ?  പരീക്ഷാ കാലത്ത് ആത്മഹത്യകൾ സ്ഥിരം സംഭവമാണല്ലോ. 


ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ ലോകം അതിന് മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. അതു തിരിച്ചറിയാൻ രക്ഷാകർത്താക്കൾക്കോ അധ്യാപകർക്കോ കഴിയുന്നില്ല. കുട്ടികൾക്ക് ബാല്യം നഷ്ടപ്പെടുന്നു എന്നതാണ് അടിസ്ഥാന വിഷയം. അതവർക്കു നിഷേധിക്കുന്നതോ 1970 കളിലും 80 കളിലും 90 കളിലുമൊക്കെ തങ്ങളുടെ ബാല്യവും കൗമാരവുമൊക്കെ ആഘോഷിച്ചു തിമർത്ത രക്ഷിതാക്കളും അധ്യാപകരും. ബാല്യ കൗമാര കാലത്ത് ജൈവികമായി തന്നെ അവരാഗ്രഹിക്കുന്ന സ്വാതന്ത്ര്യം കിട്ടുന്നില്ല. തങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ കുട്ടികളെ കരുക്കളാക്കുന്ന മാതാപിതാക്കൾ. സ്വന്തം പേരിനോ സ്‌കൂളിന്റെ പേരിനോ വേണ്ടി അതിനൊപ്പം നിൽക്കുന്ന അധ്യാപകർ. ഇവരാണ് മുഖ്യമായും ബാല്യങ്ങളെ തകർക്കുന്നത്. സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും സ്വതന്ത്രമായ ഇഷ്ടങ്ങളുടെയും കാലമാണ് ബാല്യം. അച്ഛനമ്മമാരേക്കാൾ കൂടുതൽ സമപ്രായക്കാരനുമായി ഇടപഴകാനാണ് കുട്ടികൾ ആഗ്രഹിക്കുന്നത്.  പഴയ കാലത്തെ കൂട്ടുകുടുംബങ്ങളിൽ നിന്ന് കുട്ടികൾക്ക് കിട്ടിയിരുന്ന സമ്പർക്കങ്ങളും ഇന്നില്ലല്ലോ. കുട്ടികളുടെ ഭാവി നന്മക്കെന്നു കരുതി രക്ഷിതാക്കളും അധ്യാപകരും ചെയ്യുന്ന പല പാരന്റിങ് രീതികളും അസംബന്ധങ്ങളാണ്. അമിതമായി സൈക്കോളജിസ്റ്റുകളെയും കൗൺസിലർമാരെയും ആശ്രയിക്കുന്ന പതിവും ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. 


ലോക്ഡൗണിനെ തുടർന്ന് കാര്യങ്ങൾ കൂടുതൽ രൂക്ഷമായി എന്നതാണ് വസ്തുത.  അവരെ കൂടുതൽ നിരീക്ഷണത്തിനും കൗൺസലിംഗിനും വിധേയമാക്കി പ്രശ്‌നം പരിഹരിക്കാമെന്നു കരുതരുത്. 
മറുവശത്ത് ഒറ്റ മുറികളിലും മറ്റും ജീവിക്കുന്ന, കൊടും ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ അതിസങ്കീർണമാണ്. ഓൺലൈൻ വിദ്യാഭ്യാസം പോലും ലഭിക്കാനാവാത്തവർ ഇനിയും ഒരുപാടുണ്ട്. അവരുടെ പ്രശ്‌നം മാനസികം മാത്രമല്ല, ഭൗതികവുമാണ്. കോവിഡാകട്ടെ അവരുടെ അവസ്ഥ കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നു. അവരെയേും അഭിമുഖീകരിക്കാൻ ചിരി എന്ന പദ്ധതിക്കു കഴിയുമോ എന്നു കാത്തിരുന്നു കാണാം. കഴിഞ്ഞയാഴ്ച തൃശൂരിലുണ്ടായ ഒരു സംഭവം കൂടി സൂചിപ്പിക്കട്ടെ. ഒരു തത്തയെ കൂട്ടിലിട്ടു വളർത്തുന്നു എന്ന പരാതിയെ തുടർന്ന് വനപാലകർ കസ്റ്റഡിയിലെടുക്കുന്നു. അതിനെ പറത്തിവിടാൻ കോടതി ഉത്തരവാകുന്നു... അതിനായി ശ്രമിച്ചപ്പോഴാണ് അറിയുന്നത്, ജനനം മുതൽ കൂട്ടിലായിരുന്ന തത്തക്ക് പറക്കാനറിയില്ല. ഈയവസ്ഥ കുട്ടികൾക്ക് വരരുത്. ജീവിതത്തിൽ അനിവാര്യമായ നീന്തൽ പോലും പഠിപ്പിക്കാത്തവയാണ് നമ്മുടെ ഹൈടെക് സ്‌കൂളുകൾ എന്നതും കൂട്ടിവായിക്കാവുന്നതാണ്. 


ഈ സാഹചര്യത്തിൽ കുട്ടികൾ നേരിടുന്ന ഏറ്റവും രൂക്ഷമായ ലൈംഗിക പീഡനത്തെ പറയാതിരിക്കാനാകില്ല. കോവിഡ് കാലത്ത് ആഗോള തലത്തിൽ തന്നെ അത് കൂടുതലായെന്നാണ് റിപ്പോർട്ട്. കുട്ടികൾ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് ബന്ധുക്കളും അധ്യാപകരുമൊക്കെയടങ്ങുന്ന അടുത്തവരിൽ നിന്നാണ്. അതിനാൽ തന്നെ അവയിൽ ഭൂരിഭാഗവും പുറത്തറിയുന്നില്ല. വളരെ കുറച്ചു മാത്രമേ നിയമത്തിനു മുന്നിലെത്തുന്നുള്ളൂ. അവക്കെതിരെ ശക്തമായ വകുപ്പുകളുള്ള പോക്‌സോ നിയമവും മറ്റും നിലവിലുണ്ട്. എന്നാൽ കുറ്റവാളികൾ കാര്യമായി ശിക്ഷിക്കപ്പെടുന്നില്ല. കേസുകൾ അനന്തമായി നീളുന്നതാണ് അതിനു പ്രധാന കാരണം. അങ്ങനെ വരുമ്പോൾ  കുട്ടികളുടെ മേൽ സമ്മർദമേറുകയും അവർ മൊഴി മാറ്റിപ്പറയുകയും ചെയ്യും.  പല കേസുകളിലും ഇരു കൂട്ടരുടെയും വീട്ടുകാർ ധാരണയിലെത്തുന്നു. പലപ്പോഴും ബലാൽക്കാരത്തിനു പകരം പ്രലോഭിപ്പിച്ചാണ് പീഡനമെന്നതിനാൽ കുട്ടികൾ സ്വയം പിന്മാറുന്നു. 


നിരവധി സംഭവങ്ങളിൽ വിചാരണ നടക്കുമ്പോഴേക്കും കുട്ടിയുടെ വിവാഹം കഴഞ്ഞിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഭർത്താവിനൊപ്പം കോടതിയിൽ വരാൻ കുട്ടികൾക്ക് താൽപര്യം കാണില്ല. ഭർത്താക്കന്മാരും അതിനു തയാറാവില്ല. ഇതൊക്കെയാണ് പോക്സോ ഫലപ്രദമാകാതെ പോകാൻ പ്രധാന കാരണം. മറുവശത്ത് കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കിട്ടാത്തത് പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. ലൈംഗികതയെ കുറിച്ച് ശരിയായ അറിവ് ലഭിക്കാത്ത കുട്ടികളാണ് എളുപ്പം പീഡിപ്പിക്കപ്പെടുന്നത്. സ്പർശനത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ അവർക്ക് കഴിയില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  സ്‌കൂളുണ്ടാക്കി നമ്മളവരുടെ ഇടപെടലുകൾ പോലും തടയുന്നു. 


സദാചാര ഗുണ്ടായിസത്തിൽ നമ്മൾ നമ്പർ വണും. ഈ കുട്ടികൾ പീഡിപ്പിക്കപ്പെട്ടാൽ പുറത്തു പറയാൻ മടിക്കുന്നു. പീഡനങ്ങൾ സഹിക്കുന്നു. പോക്‌സോ പോലും അർത്ഥരഹിതമാകുന്നു. അതിനിടെ  പോക്സോ നിയമമനുസരിച്ചുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനത്ത് ഗുരുതരമായ വീഴ്ചയെന്ന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ അമികസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. കേസുകൾ കെട്ടിക്കിടക്കുന്നതു തന്നെയാണ് പ്രധാനമായും ചൂണ്ടിക്കാട്ടപ്പെട്ടത്. കൂടാതെ നിയമത്തിലെ പല വ്യവസ്ഥകളും പാലിക്കപ്പെടുന്നില്ല. 


അതേസമയം  കണ്ണും കാതുമില്ലാതെ ഈ നിയമം നടപ്പാക്കുന്ന സംഭവങ്ങളും കാണാം. പോക്‌സോ നിയമം ചുമത്തപ്പെട്ട് പല ആദിവാസി യുവാക്കളും ജയിലിലുണ്ട്. നിയമമനുസരിച്ചു പതിനെട്ടു വയസ്സിനു താഴെയുള്ളവർ വിവാഹിതരാകുന്നതും ഗർഭം ധരിക്കുന്നതും ഗൗരവപരമായ കുറ്റമാണ്. അതിനു കാരണമായവർക്ക് കഠിനമായ ശിക്ഷയാണ് ലഭിക്കുക. എന്നാൽ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പതിനെട്ടു വയസ്സിനു താഴെ വിവാഹം നടക്കുക എന്നത് വളരെ സ്വാഭാവികമായ ഒരു രീതിയാണ്.  ഈ നിയമത്തെ കുറിച്ചൊന്നും അറിയാത്തവരാണ് അവരിൽ പലരും. 
ആദിവാസി സാമൂഹിക ജീവിതവും ആധുനികമെന്നവകാശപ്പെടുന്ന സമൂഹിക ജീവിതവും പലതരത്തിൽ വ്യത്യസ്തമാണ്. ആധുനിക ജീവിതത്തിന്റെ സാമൂഹിക ഘടകങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത ജീവിത രീതികൾ തുടർന്നുപോരുന്നവരാണ് ലോകത്ത് ഇന്ന് നിലനിൽക്കുന്ന ആദിവാസി സമൂഹങ്ങളിൽ ബഹുഭൂരിപക്ഷവും. പല രാജ്യങ്ങളിലും ഇത്തരം വിഭാഗങ്ങളുടെ ജീവിത രീതികളിലേക്ക് ആധുനിക സമൂഹം കടന്നു കയറാതിരിക്കുവാൻ നിയന്ത്രണങ്ങൾ ഉണ്ട്. എന്നാൽ നമ്മുടെ അവസ്ഥ വ്യത്യസ്തമാണ്. നമ്മൾ നമ്മുടെ കാഴ്ചപ്പാടിനനുസരിച്ച് സൃഷ്ടിച്ച നിയമങ്ങളും ജീവിത ശൈലികളുമാണ് എല്ലാ വർക്കും ശരിയെന്ന മട്ടിൽ ആദിവാസികളിൽ അടിച്ചേൽപിക്കുന്നത്.  വയനാട്ടിലും മറ്റും ഇത്തരത്തിൽ  നിരവധി ആദിവാസികൾ ജയിലിലായി. അന്നവിടെ ശിശു ക്ഷേമസമിതിയുടെ ചെയർമാനായിരുന്നത് പിന്നീട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ പുരോഹിതനെ സംരക്ഷിച്ച പുരോഹിതനായിരുന്നു എന്നതാണ് വൈരുധ്യം. വാളയാറിലും നാമത് കണ്ടു. 


സംസ്ഥാനത്ത് ജൂലൈ 26 ന് പോക്‌സോ കേസുമായി ബന്ധപ്പെട്ടു നടന്ന ശ്രദ്ധേയമായ ഒരു  സമരത്തെക്കുറിച്ചു കൂടി സൂചിപ്പിക്കേണ്ടതുണ്ട്. പാനൂർ പാലത്തായി പീഡനക്കേസ് പ്രതി  ബി.ജെ.പി നേതാവിനെ  പോക്സോ വകുപ്പുകളിൽ നിന്നും ഒഴിവാക്കിയിരുന്നല്ലോ. അതിന്റെ ഫലമായി അയാൾക്ക് ജാമ്യവും ലഭിച്ചു.   കേസ് അട്ടിമറിക്കാനും പോക്സോ നിയമം  ലംഘിച്ച് കുട്ടിയെ പൊതുജന മധ്യത്തിൽ അവഹേളിക്കാനും നേതൃത്വം നൽകിയ പോലീസ് ഉദ്യാഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ടാണ് സമരം നടന്നത്.  എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും വനിതാപ്രവർത്തകരും അവരവരുടെ വീടുകളിലിരുന്നാണ് ഉപവസിച്ചത്. കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ചിരി പദ്ധതി നടപ്പാക്കുമ്പോഴാണ് ഈ സമരമെന്നത് വളരെ പ്രസക്തമാണ്. അതു നൽകുന്ന സന്ദേശം കൂടി ഉൾക്കൊള്ളാൻ അധികാരികൾ തയാറാകുമെന്നു കരുതാം. 

Latest News