Sorry, you need to enable JavaScript to visit this website.

റഫാല്‍ പോര്‍വിമാനങ്ങള്‍ പുറപ്പെട്ടു; യു.എ.ഇയില്‍ ഇറങ്ങും; നാളെ ഇന്ത്യയില്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തുപകരാന്‍ ഫ്രാന്‍സില്‍നിന്നുള്ള അത്യാധുനിക റഫാല്‍ പോര്‍വിമാനങ്ങളുടെ ആദ്യ ബാച്ച്  നാളെ എത്തും.
മിസൈലുകളും ആണവായുധങ്ങളും വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളുടെ ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങളാണ് ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ പറന്നിറങ്ങുക.

ഇന്ത്യാ-പാക് അതിര്‍ത്തിക്കടുത്ത തന്ത്രപ്രധാന വ്യോമ താവളമെന്ന നിലയില്‍ അംബാല  തന്നെയാണ് ആസ്ഥാനം. ഫ്രഞ്ച്  കമ്പനിയായ ഡസോള്‍ട്ട് നിര്‍മ്മിച്ച യുദ്ധവിമാനങ്ങള്‍ തെക്കന്‍ ഫ്രാന്‍സിലെ ബാര്‍ഡോയിലെ മെറിഗ്‌നാക് എയര്‍ ബേസില്‍നിന്ന് പുറപ്പെട്ടു.

36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ 59,000 കോടി രൂപയുടെ കരാര്‍ 2016ലാണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവച്ചത്. 12 വ്യോമസേന പൈലറ്റുമാര്‍ക്ക് റഫാല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇന്ധന ആവശ്യങ്ങള്‍ക്കായി ഫ്രഞ്ച് എയര്‍ഫോഴ്‌സ് ടാങ്കര്‍ എയര്‍ക്രാഫ്റ്റ് റഫാല്‍ വിമാനങ്ങളെ അനുഗമിക്കുന്നുണ്ട്. 7,000 കിലോമീറ്ററാണ് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്കുള്ള ദൂരം. യാത്രാമധ്യെ ഇന്ധനം നിറയ്ക്കാന്‍ യു.എ.ഇയിലെ ഫ്രഞ്ച് എയര്‍ബേസില്‍ ഇറങ്ങും.

അംബാലയില്‍ 14 ഷെല്‍ട്ടറുകള്‍, ഹാങ്ങറുകള്‍, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 10 വിമാനങ്ങളുടെ ഔദ്യോഗഗിക കൈമാറ്റം ഇതിനകം പൂര്‍ത്തിയായെങ്കിലും അഞ്ചെണ്ണം പരിശീലനത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ തന്നെ തുടരുമെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 36 യുദ്ധവിമാനങ്ങളുടെ കൈമാറ്റം 2021 അവസാനത്തോടെ  പൂര്‍ത്തിയാവും.
ചൈന, പാക്കിസ്ഥാന്‍ ഭീക്ഷണികളെയും മറ്റും നേരിടാന്‍ റഫാല്‍ പോര്‍വിമാനങ്ങള്‍ കരുത്തേകുമെന്നാണ് വ്യേമസേനയുടെ പ്രതീക്ഷ.

 

Latest News