ജയ്പൂർ- നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നത് സർക്കാരിന്റെ അവകാശമാണെന്നും ഗവർണറുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടും മന്ത്രിമാരും. ഗവർണറുടെ നിലപാടിനെത്തുടർന്ന് നടന്ന മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് ഗെലോട്ട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 'ഗവർണറുടെ ആശങ്കകൾക്ക് ഞങ്ങൾ മറുപടി തയ്യാറാക്കിയിട്ടുണ്ട്. നിയമസഭ സമ്മേളനം വിളിക്കുന്നത് ഞങ്ങളുടെ അവകാശമാണ്. സമ്മേളനം എങ്ങനെ നടത്തണം എന്ന കാര്യം സ്പീക്കറാണ് തീരുമാനിക്കുക. ജൂലൈ 31 ന് തന്നെ സമ്മേളനം നടത്തണമെന്നും മന്ത്രി ഹരീഷ് ചൗധരി ആവശ്യപ്പെട്ടു. നിയമസഭ ചേരാനുള്ള സർക്കാരിന്റെ ശുപാർശ ഗവർണർ കൽരാജ് മിശ്ര തള്ളിയിരുന്നു. കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവർണർ ശുപാർശ തള്ളിയത്.
പിന്നീട് ഉപാധികളോടെ നിയമസഭ വിളിക്കാമെന്ന് ഗവർണർ അറിയിക്കുകയും ചെയ്തിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെങ്കിൽ സർക്കാർ 21 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് കൽരാജ് മിശ്ര അറിയിച്ചത്. ഈ നിബന്ധനയാണ് മന്ത്രിലഭായോഗം ചോദ്യം ചെയ്തത്.അശോക് ഗെലോട്ടിന്റെ നിരന്തര ആവശ്യം തുടർച്ചയായി നിഷേധിച്ചതിന് പിന്നാലെ നിയമസഭ സമ്മേളനം വിളിക്കാൻ കർശന ഉപാധികളുമായി ഗവർണർ കൽരാജ് മിശ്ര രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് രാജസ്ഥാൻ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രപതി ഇടപെടണം. കുതിരക്കച്ചവടം നടത്തി ബി.ജെ.പി സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഗവർണർ കൽരാജ് മിശ്ര ബി.ജെ.പിക്ക് വേണ്ടി ഭരണഘടന ലംഘനം തന്നെ നടത്തുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ ഗവർണറുടെ അസ്വാഭാവിക നടപടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഫോണിൽ സംസാരിച്ചതായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പറഞ്ഞു. നിയമസഭ സമ്മേളനം വിളിക്കണമെന്നും ഗവർണറുടെ ഓഫീസ് ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കരുതെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളും മുൻ നിയമ മന്ത്രിമാരുമായ കപിൽ സിബൽ, സൽമാൻ ഖുർഷിദ്, അശ്വനി കുമാർ എന്നിവർ ഗവർണർ കൽരാജ് മിശ്രയ്ക്ക് കത്തെഴുതി. ഭരണഘടനാധിഷ്ഠിതമായ കടമ നിർവഹിക്കുക എന്നത് കക്ഷി രാഷ്ട്രീയത്തേക്കാൾ ഉപരിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ജൂലൈ 31 മുതൽ നിയമസഭ സമ്മേളനം വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഇന്നലെ രാവിലെ തള്ളിയാണ് സമ്മേളനം വിളിക്കണമെങ്കിൽ 21 ദിവസത്തെ ഇടവേളയും മറ്റ് കർശന ഉപാധികളും വ്യക്തമാക്കി ഗവർണർ രേഖാമൂലം അറിയിച്ചത്. വിമത എം.എൽ.എമാരെ അയോഗ്യരാക്കാതിരിക്കാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിനെതിരേയുള്ള ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി ഇന്നലെ സ്പീക്കർ സി.പി ജോഷി പിൻവലിച്ചിരുന്നു. പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് നിയമസഭ സമ്മേളനം വിളിച്ചു ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർ സർക്കാരിനോട് ചോദിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആലോചിക്കുന്നുണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം. കോവിഡ് പശ്ചാത്തലം പരിഗണിച്ച് എം.എൽ.എമാർക്ക് 21 ദിവസത്തെ സമയം നിയമസഭ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് മുമ്പായി നൽകാൻ കഴിയില്ലേ എന്നാണ് സർക്കാരിന് നൽകിയ കത്തിൽ ഗവർണർ ചോദിക്കുന്നത്. സമ്മേളനത്തിൽ എങ്ങനെയാണ് സാമൂഹിക അകലം ഉറപ്പു വരുത്താൻ കഴിയുക എന്നും ഗവർണർ ചോദിക്കുന്നു. നിയമസഭ സമ്മേളനം വിളിക്കാതിരിക്കുക എന്ന ലക്ഷ്യം ഗവർണർക്കില്ല. മുഖ്യമന്ത്രി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സമ്മേളനം വിളിച്ച് ചേർക്കണം എന്നാവശ്യപ്പെട്ടു നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പൊതു പ്രസ്താവനകളിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇക്കാര്യം പറയുകയും ചെയ്യുന്നുണ്ടെന്നും ഗവർണർ പറഞ്ഞു. ഇതിന് പുറമേ സഭ സമ്മേളനം ലൈവ് പ്രക്ഷേപണം നടത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച നിയമസഭ സമ്മേളനം വിളിക്കുന്നതിനുള്ള ശുപാർശ തള്ളിയതിന് ശേഷം ഗവർണറുടെ ആറ് പേജുള്ള പ്രേമലേഖനം കിട്ടിയെന്നാണ് മുഖ്യമന്ത്രി ഗെലോട്ട് ഇതിനോട് പ്രതികരിച്ചത്. ഇതിനും മറുപടി നൽകുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. സമ്മേളനം വിളിച്ച് ചേർക്കാൻ നൽകിയ ശുപാർശയിൽ പ്രത്യേക അജണ്ട പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച ഗവർണർ ഇതു തള്ളിയത്. പിന്നീട് എം.എൽ.എമാരുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നു പറഞ്ഞും ഗവർണർ സഭാ സമ്മേളനം വിളിക്കാനുള്ള ശുപാർശ തള്ളി.
കഴിഞ്ഞ ആഴ്ച മുതൽ നിയമസഭ സമ്മേളനം വിളിക്കണം എന്നാവശ്യപ്പെടുന്ന അശോക് ഗെലോട്ട് രാജ്ഭവന് മുന്നിൽ തന്റെ എം.എൽ.എമാരുമായി അഞ്ച് മണിക്കൂർ പ്രതിഷേധ ധർണയും നടത്തിയിരുന്നു. രാജസ്ഥാൻ വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം സച്ചിൻ പൈലറ്റിനൊപ്പം ഹരിയാനയിലുള്ള 18 എം.എൽ.എമാരിൽ മൂന്ന് പേർ 48 മണിക്കൂറിനുള്ളിൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്നാണ് എ.ഐ.സി.സി വക്താവും രാജസ്ഥാന്റെ പ്രത്യേക ചുമതലയുമുള്ള രൺദീപ് സിംഗ് സുർജേവാല പറഞ്ഞത്.