റിയാദ്- സൗദി അറേബ്യയില്‍ 513 കോവിഡ് രോഗികളെ ചികിത്സിക്കുകയും കോവിഡ് ബോധവല്‍ക്കരണത്തിന്റെ മുഖമായി മാറുകയും ചെയ്ത ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചു.
എപ്പിഡെമിയോളജിസ്റ്റും അണുബാധ നിയന്ത്രണ കണ്‍സള്‍ട്ടന്റുമായ ഡോ. നിസാര്‍ ബാഹബ്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ആരോഗ്യം മൊത്തത്തില്‍ നല്ല നിലയിലാണെങ്കിലും അഞ്ച് ദിവസമായിട്ടും പനി കുറയാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡോ. നിസാര്‍ പറഞ്ഞു.
പുതിയ കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിദഗ്ധ ഉപദേശങ്ങള്‍ പങ്കുവെക്കുന്നതിനുമായി ടെലിവിഷന്‍, സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട ഡോക്ടര്‍ വന്‍ സ്വീകാര്യത നേടിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയറിഞ്ഞ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അദ്ദേഹത്തിന് ആശംസ നേര്‍ന്നു.
മഹാമാരി വേളയില്‍ ചിരിക്കുന്ന മുഖത്തോടെ അദ്ദേഹം ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുവെന്ന് സൗദി ശൂറ കൗണ്‍സില്‍ അംഗവും കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ നാഷണല്‍ ഡയലോഗ് സെക്രട്ടറി ജനറലും സോഷ്യോളജി പ്രൊഫസറുമായ ഡോ. അബ്ദുല്ല അല്‍ ഫൗസാന്‍ പറഞ്ഞു.






