ഇടുക്കി- പോക്സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി പെണ്‍കുട്ടിയെ വീണ്ടും തട്ടിക്കൊണ്ടു പോയി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പണിക്കന്‍കുടി പുല്ലുകണ്ടം കുത്തുകല്ലുങ്കല്‍ വിമല്‍ (22)നെ വെള്ളത്തൂവല്‍ പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു.
ഇതേ പെണ്‍കുട്ടിയെ 2019 സെപ്റ്റംബറില്‍ പീഡിപ്പിച്ച സംഭവത്തില്‍ പോക്സോ നിയമപ്രകാരം വിമല്‍ റിമാന്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി ഞായറാഴ്ച രാത്രി വീണ്ടും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ എസ്.ഐ എം.വി സ്‌കറിയ, എ.എസ്.ഐ മാരായ ബിന്‍സ്.എം.തോമസ്, കെ.എന്‍.സിബി എന്നിവര്‍ ചേര്‍ന്ന് ഇയാളെ ഇന്നലെ വൈകിട്ട് മുള്ളരിക്കുടിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.
എന്നാല്‍ മുമ്പുണ്ടായ പീഡനക്കേസില്‍ വീട്ടുകാര്‍ക്ക് മാനക്കേട് ഉണ്ടാക്കിയതിനാല്‍ ഇരുവരും ആത്മഹത്യ ചെയ്യുകയാണ് എന്ന് എഴുതിയ കത്ത് ഇവരില്‍നിന്നു കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.