Sorry, you need to enable JavaScript to visit this website.

ശിവശങ്കറിന് തിരിച്ചടിയായി ആദ്യ മൊഴി; കസ്റ്റംസിനെ വിളിച്ചതിന് തെളിവുകള്‍


തിരുവനന്തപുരം/ കൊച്ചി- സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ഉന്നത ഐഎഎസ് ഓഫീസറായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കരനെ മാരത്തണ്‍ ചോദ്യം ചെയ്യലിനു വിധേയമാക്കി എന്‍ഐഎ. എന്‍ഐഎ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ചോദ്യം ചെയ്യല്‍. ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കര്‍ തന്നെ നല്‍കിയ മൊഴിയാണെന്നാണ് വിവരം. സര്‍ക്കാര്‍ പരിപാടികളില്‍ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പലതും പ്രതികള്‍ക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗര്‍ബല്യങ്ങള്‍ പ്രതികള്‍ മുതലെടുത്തോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. സ്വപ്നയെ അടുത്തറിയാമെന്നു ആദ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ച ശിവശങ്കര്‍ പക്ഷെ അവര്‍ സ്വര്‍ണക്കടത്ത് നടത്തുന്നവരാണെന്നു അറിയില്ലെന്ന് പറഞ്ഞത് സ്വയം കുരുക്കിലാകുന്നതിനു തുല്യമായിരുന്നു.
മാത്രമല്ല, ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സ്വപ്‌ന സുരേഷ് കണക്ട് ചെയ്ത നമ്പറില്‍ നിന്നാണ് വിളിച്ചതെന്നാണ് ശിവശങ്കര്‍ ഇപ്പോള്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെയായിരുന്നു ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് കസ്റ്റഡിയില്‍ വെച്ചത്. ജൂലൈ 3 നാണ് ശിവശങ്കര്‍ മറ്റൊരു ഫോണില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചത്. അതേ ദിവസം ശിവശങ്കര്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് സ്വപ്നയെ 12 തവണ വിളിച്ചിട്ടുണ്ട്. അന്ന് തന്നെ അറ്റാഷെ 22 തവണ സ്വപ്നയെ വിളിച്ചിട്ടുണ്ട്.തന്റെ നമ്പറില്‍ നിന്നല്ല കസ്റ്റംസിനെ വിളിച്ചതെന്നും സ്വപ്‌ന മറ്റൊരു നമ്പറില്‍ നിന്ന് ഡയല്‍ ചെയ്ത് തനിക്ക് തന്നതാണ് എന്നുമാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്.
എന്തുകൊണ്ടാണ് ബാഗ് പിടിച്ചുവെച്ചത് എന്ന് മാത്രമേ ചോദിച്ചിട്ടുള്ളൂവെന്നും അക്കാര്യത്തില്‍ മറ്റൊന്നും തനിക്ക് അറിയില്ലെന്നുമാണ് ശിവശങ്കര്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ശിവ ശങ്കറിന്റെ ഫഌറ്റ് കേന്ദ്രീകരിച്ചും സ്വപ്നയുടെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചും നടന്ന ഇടപാടുകളുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ഇതും നിര്‍ണായകമാകും.
പുലര്‍ച്ചെ 4.30 ഓടെ കൊച്ചിയിലേക്ക് പുറപ്പെട്ട ശിവശങ്കര്‍ 9.30 ഓടെ എന്‍.ഐ.എ ഓഫീസില്‍ ഹാജരായി. പ്രഭാത ഭക്ഷണത്തിനു ശേഷം 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. എഴുതി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചാണ് ചോദ്യം ചെയ്യല്‍.
എന്‍.ഐ.എ എ.എസ്.പി ഷൗക്കത്തലി, ഡി.വൈ.എസ്.പി രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യം ചെയ്യല്‍. ഹൈദരാബാദ് യൂണിറ്റ് മേധാവി അടക്കമുള്ളവര്‍ ചോദ്യം ചെയ്യല്‍ വീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തുവെങ്കിലും ഇത്തവണ കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം കസ്റ്റംസ് ഒമ്പത് മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.
എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. അറസ്റ്റുണ്ടായാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്യും. എന്നാല്‍ ശക്തമായ തെളിവുകളില്ലെങ്കില്‍ ശിവശങ്കറിനെ സാക്ഷിയാക്കാനും ശ്രമമുണ്ടെന്നു സൂചനയുണ്ട്.
 

Latest News