Sorry, you need to enable JavaScript to visit this website.
Friday , August   07, 2020
Friday , August   07, 2020

കോവിഡ് കാലത്തെ പ്രതിരോധിക്കാൻ വിദ്യാർത്ഥികൾ: നൂതനാശയങ്ങളുമായി 'ഇന്നൊവേഷൻസ് അൺലോക്ഡ്'

കേരള സ്റ്റാർട്ടപ്പ് മിഷൻ വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്നൊവേഷൻസ് അൺലോക്ഡ് എന്ന പരിപാടിയിൽ പ്രദർശിപ്പിക്കപ്പെട്ടത്  മാസ്‌ക് വെൻഡിംഗ് മെഷീൻ മുതൽ കോവിഡ് രോഗം കണ്ടെത്തുന്നതിനുള്ള സോഫ്റ്റ്‌വെയർ വരെയുള്ള ഉൽപന്നങ്ങൾ. ലോക്ഡൗൺ കാലത്ത് കോവിഡ് പ്രതിരോധത്തിനായി കണ്ടുപിടിച്ച നൂതനാശയങ്ങളും മാതൃകകളുമാണ് ഈ വെർച്വൽ പരിപാടിയിൽ അവതരിപ്പിച്ചത്. മുന്നൂറിലേറെ വിദ്യാർത്ഥികൾ പരിപാടിയിൽ രജിസ്റ്റർ ചെയ്തിരുന്നു. 150 ൽപരം ആശയങ്ങളും മാതൃകകളുമാണ് പരിപാടിയിൽ അവതരിപ്പിച്ചത്. ഇതിൽ 21 മാതൃകകളെ സ്റ്റാർട്ടപ്പ് മിഷൻ പ്രാഥമിക വിലയിരുത്തലിനു ശേഷം തെരഞ്ഞെടുത്തു.
രാജ്യത്ത് ഇതാദ്യമായാണ് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ കോവിഡ് പശ്ചാത്തലമാക്കി നൂതനാശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന വെർച്വൽ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. വാധ്വാനി ഫൗണ്ടേഷൻ, ടി.സി.എസ് ഡിസ്‌ക് എന്നിവരാണ് പരിപാടിയുടെ ഭാഗമായി നടന്ന നൂതനാശയ രംഗത്തെ മാസ്റ്റർ ക്ലാസ് സെഷനുകൾ കൈകാര്യം ചെയ്തത്.
അടിയന്തര ചികിത്സാ ഉപകരണങ്ങൾ, ആൾക്കൂട്ട നിയന്ത്രണം, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സമ്പർക്ക രഹിത ഉപകരണങ്ങൾ, വലിയ ഇടങ്ങൾ സാനിറ്റൈസ് ചെയ്യാനുള്ള സാങ്കേതിക വിദ്യ, പരിശോധനാ ഉപകരണങ്ങൾ, പി.പി.ഇ എന്നിവയിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ നൂതനാശയങ്ങളും ഉപകരണങ്ങളും അവതരിപ്പിച്ചത്. 
സംസ്ഥാനത്തെ വിവിധ എൻജിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥി സംഘങ്ങളുടെ ഉൽപന്നങ്ങൾക്ക് പുറമെ ജി.വി.എച്.എസ്.എസ് മടപ്പള്ളി, ജി.എച്.എസ്.എസ് മീനങ്ങാടി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഉൽപന്നങ്ങളും ഇവയിൽ പെടും. ഇവർക്ക് തങ്ങളുടെ സംരംഭകത്വം വികസിപ്പിച്ചെടുക്കുതിനു വേണ്ടി വിവിധ പരിശീലന കളരികൾ, ആശയ വിനിമയ പരിപാടികൾ എന്നിവക്കു പുറമെ കോർപറേറ്റുകളുടെ സഹകരണത്തോടെ  പ്രി-ഇൻകുബേഷൻ സംവിധാനവും ഒരുക്കുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് ഇന്നൊവേഷൻസ് അൺലോക്ഡ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ആശയങ്ങൾ ശൈശവ ദശയിൽ തന്നെ ഇല്ലാതാക്കപ്പെടുകയാണെന്നും സാങ്കേതിക വിദ്യാഭ്യാസത്തിൽ കുട്ടികളുടെ കഴിവ് വിലയിരുത്തുന്നതിൽ ഉടച്ചു വാർക്കലുകൾ വേണമെന്നും അവർ അഭിപ്രായപ്പെട്ടു. പ്രതിസന്ധികളാണ് നൂതന കണ്ടുപിടിത്തങ്ങളുടെ വിളനിലം. സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി ലാൻഡ് സ്‌കേപിംഗിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങിയാൽ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് വേണ്ട സഹായങ്ങൾ നൽകാൻ തയാറാണെന്നും അവർ പറഞ്ഞു. നൂതനാശയങ്ങളുടെ സംഗ്രഹവും ശ്രീമതി ഉഷ ടൈറ്റസ് പുറത്തിറക്കി.
കോവിഡ് പ്രതിസന്ധി ദൈനംദിന ജീവിതത്തെ തന്നെ മാറ്റി മറിച്ച സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. അവസരങ്ങൾ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളും മറ്റു യുവ സംരംഭകരും തയാറാകണം. മികച്ച തൊഴിൽ വൈദഗ്ധ്യമുള്ള വലിയൊരു വിഭാഗം മലയാളികൾ വിദേശത്തുനിന്ന് തിരിച്ചെത്തിയിട്ടുണ്ട്. ഇവരുമായി കൈകോർക്കാനായാൽ നൂതനാശയങ്ങൾ കൈമുതലായുള്ളവർക്ക് വലിയ അവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാലാടിസ്ഥാനത്തിലുള്ള കണ്ടുപിടിത്തങ്ങളും ആശയങ്ങളുമാണ് വർത്തമാന കാലത്തിനാവശ്യമെന്ന് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് പറഞ്ഞു. കാലത്തിനനുസരിച്ച് വരുന്ന മാറ്റങ്ങളെ ഉൾക്കൊളളാൻ കഴിയുന്നതാകണം ഇവ. സോഫ്റ്റ്‌വെയർ വികസനത്തോടൊപ്പം ഹാർഡ്‌വെയർ വികസനം കൂടി നൂതന സംരംഭകർ മനസ്സിൽ വെക്കണമെന്നും അവർ പറഞ്ഞു.


 

Latest News