അയോധ്യയില്‍ കൂറ്റന്‍ രാമ പ്രതിമ സ്ഥാപിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

ലക്‌നൗ- ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ സരയൂ നദീ തീരത്ത് ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പദ്ധതി തയാറാക്കി. തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതി നിര്‍ദേശം ഗവര്‍ണര്‍ റാം നായിക്കിന് സമര്‍പ്പിച്ചു.

 

ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അവനിഷ് കുമാര്‍ അവതരിപ്പിച്ച പദ്ധതി രേഖയില്‍ 100 മീറ്റര്‍ ഉയരത്തിലുള്ള രാമ പ്രതിമയാകും ഇതെന്ന് പറയുന്നുണ്ടെങ്കിലും ഉയരം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ച ശേഷം പ്രതിമാ നിര്‍മ്മാണം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പദ്ധതി ആശയം മാത്രമെ അവതരിപ്പിച്ചിട്ടുള്ളൂവെന്നും അനുമതി തേടി ട്രൈബ്യൂണലിനെ സമീപിക്കാനിരിക്കുന്നതെയുള്ളൂവെന്നും അവനീഷ് കുമാര്‍ പറഞ്ഞു. 

 

പദ്ധതിയുടെ ഭാഗമായി സരയു നദീ തീരത്ത് രാമ കഥാ ഗാലറിയും ദിഗംബര്‍ അഖാരയില്‍ ബഹുവിധ ഉപയോഗങ്ങള്‍ക്കുള്ള വിശാല ഓഡിറ്റോറിയവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും പദ്ധതി രേഖയില്‍ പറയുന്നു. ആയോധ്യയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 195.89 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനകം 133.70 കോടി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്.

 

ഇത്തവണ ദീപാവലിയോടനുബന്ധിച്ച് അയോധ്യയില്‍ വിപുലമായ ആഘോഷപരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ 18-ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ രാം നായിക്, കേന്ദ്ര ടൂറിസം മന്ത്രി അണ്‍ഫോണ്‍സ് കണ്ണന്താനം, സാംസ്‌കാരിക വകുപ്പു മന്ത്രി മഹേഷ് ശര്‍മ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ദീപോത്സവം, അയോധ്യയിലൂടെ പൈത്യക യാത്ര, ശ്രീരാമന്റെ അയോധ്യയിലേക്കുള്ള വരവിന് അനുസ്മരിച്ചുള്ള ശോഭ യാത്ര, പ്രതീകാത്മകമായുള്ള രാജ്യാഭിഷേക യാത്ര തുടങ്ങിയവയും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. 

 

 

 

 

 

Latest News