കോട്ടയം-കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നത് തടഞ്ഞ ബി.ജെ.പി കൗണ്‍സിലര്‍ ടി.എന്‍.ഹരികുമറിനും കണ്ടാലറിയാവുന്ന 50 പേര്‍ക്കുമെതിരെയാണ് കേസ്. കോട്ടയം നഗരസഭാ ലൂര്‍ദ് വാര്‍ഡിലെ ബി.ജെ.പി കൗണ്‍സിലറായ ഹരികുമാറാണ് ഒന്നാം പ്രതി.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനധികൃതമായി കൂട്ടം ചേര്‍ന്നു, മൃതദേഹത്തോട് അനാദരവ് കാണിച്ചു തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്.
കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സി.എം.എസ്. കോളേജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജി(83)ന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെയാണ് കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ രംഗത്തുവന്നത്.
മുട്ടമ്പലത്ത് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുമ്പോള്‍ അതിന്റെ ചാരം പറക്കുമെന്നും അത് സുരക്ഷാഭീഷണി ഉണ്ടാക്കുമെന്നുമായിരുന്നു പ്രദേശവാസികളുടെ വാദം.
പിന്നീട് രാത്രി പത്തരയോടെ കനത്ത പോലീസ് സന്നാഹത്തോടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍തന്നെ സംസ്‌കരിക്കുകയായിരുന്നു.