ന്യൂദല്‍ഹി- അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് സൂചന.
ഓഗസ്റ്റ് 5 ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നുണ്ട്്. മോഡിയുടേയും ഭാരതീയ ജനതാ പാര്‍ട്ടിയുടേയും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു രാമക്ഷേത്ര നിര്‍മാണം.
പ്രധാനമന്ത്രി പങ്കെടുക്കുന്ന മറ്റേതൊരു ചടങ്ങും പോലെ രാമക്ഷേത്ര പരിപാടിയും സംപ്രേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രസാര്‍ ഭാരതിയിലെ പേരു പറയാന്‍ മടിച്ച ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സിംഗപ്പൂര്‍-ഇന്ത്യ ഹാക്കത്തോണില്‍ 2019 ല്‍ മോഡി തത്സമയം നടത്തിയ പ്രസംഗം സംപ്രേഷണം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ചെന്നൈയിലെ അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടര്‍ ആര്‍. വസുമതിയെതിരെ കഴിഞ്ഞ വര്‍ഷം ദൂരദര്‍ശന്‍ അച്ചടക്ക നടപടിയെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ സുപ്രീംകോടതി ഉത്തരവിന് ശേഷം രാമക്ഷേത്രപദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ശ്രീ രാം ജന്‍ഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിടുകയായിരുന്നു. ചടങ്ങ് മറ്റ് നിരവധി ചാനലുകളിലും തത്സമയം കാണിക്കുമെന്ന് ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ ട്വീറ്റ് ചെയ്തു.
ശിലാസ്ഥാപന ചടങ്ങ് ദേശീയ ഉത്സവമാക്കി മാറ്റാനാണ് ബി.ജെ.പിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും നീക്കം. രാജ്യത്തെങ്ങും ദീപോത്സവത്തിന് യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ജമ്മുകശ്മീരിനെ വിഭജിക്കുകയും സംസ്ഥാന പദവി എടുത്തുകളയുകയും ചെയ്തതിന്റെ വാര്‍ഷിക ദിനമാണ് ഓഗസ്റ്റ് അഞ്ച് എന്നതും ശ്രദ്ധേയമാണ്.