ജയ്പുർ- രാജസ്ഥാനിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ ഈ മാസം 31 മുതൽ അസംബ്ലി വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കത്തയച്ചു. ഇത് രണ്ടാം തവണയാണ് ഒരാഴ്ചക്കിടെ മുഖ്യമന്ത്രി കത്തു നൽകുന്നത്. ഈ കത്തിൽ വിശ്വാസവോട്ടെടുപ്പ് എന്ന ഒരു വാചകം പോലും ചേർത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ജനാധിപത്യ മാർഗങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ മറിച്ചിടുന്ന ബി.ജെ.പി നീക്കത്തിനെതിരെ കോൺഗ്രസ് തിങ്കളാഴ്ച പ്രക്ഷോഭം നടത്തുന്നുണ്ട്. വിശ്വാസ വോട്ട് നേടാനായാൽ ആറു മാസത്തേക്ക് കൂടി സർക്കാറിന് ഭീഷണിയില്ല എന്നാണ് ഗെഹ്ലോട്ടിന്റെ കണക്കുകൂട്ടൽ. വിമത എം.എൽ.എമാർ വിപ്പ് ലംഘിച്ച് വോട്ട് ചെയ്താൽ അവർക്കെതിരെ നടപടിയും സ്വീകരിക്കാം.