ബംഗളൂരു- കൊറോണ വൈറസ് രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതലായി ഈടാക്കിയ തുക തിരികെ നല്‍കാന്‍ ആശുപത്രികള്‍ സമ്മതിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ചാണ് അധിക തുക തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടത്.
ആശുപത്രികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി ഐപിഎസ് ഓഫീസര്‍ ഡി. രൂപ പറഞ്ഞു. രോഗബാധിതരുടെ കുടുംബങ്ങളുമായി ചര്‍ച്ച നടത്തിയാണ് അധിക ബില്ലുകള്‍ കണ്ടെത്തുന്നത്. 22 കേസുകളില്‍ ആശുപത്രികള്‍ കൂടുതല്‍ തുക ഈടാക്കിയതായി കണ്ടെത്തി. 24 ലക്ഷം രൂപ തിരികെ നല്‍കാന്‍ ആശുപത്രികള്‍ സമ്മതിച്ചതായി അവര്‍ പറഞ്ഞു.
രോഗികളുടെ പ്രവേശന രജിസ്റ്ററുകള്‍ പരിശോധിച്ചതായും ഈടാക്കിയ ഫീസിനെക്കുറിച്ച് അന്വേഷിക്കാന്‍ ഫോണുകളില്‍ ബന്ധപ്പെട്ടതായും അവര്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം പണം തിരികെ നല്‍കാന്‍ ആശുപത്രികള്‍ സമ്മതിച്ചിട്ടുണ്ട്. കോവിഡ് രോഗികളില്‍നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം ആശുപത്രികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.






