ചിക്കബല്ലാപൂര്‍-മകളുടെ കാമുകനെ കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്നയാളുടെ വീട് നാട്ടുകാര്‍ കത്തിച്ചു. മകള്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കാമുകനെ കൊന്ന് പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് പറയുന്നു.
കര്‍ണാടക ചിക്കബല്ലാപുര്‍ ജില്ലയിലെ ബാഗെപ്പള്ളിക്കു സമീപം യാഗവ മദ്ദലകാനെ ഗ്രാമത്തിലാണ് സംഭവം. മകളുടെ മരണത്തിന് പ്രതികാരമായി വെങ്കിടേശപ്പ എന്നയാള്‍ ഹരീഷ് എന്ന യുവാവിനെ കൊന്നുവെന്നാണ് ആരോപണം. ഹരീഷിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മാതാപിതാക്കള്‍ നിരസിച്ചതിനെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഹരീഷിന്റെ കൊലപാതകത്തില്‍ പ്രകോപിതരായ ഗ്രാമവാസികള്‍ വെങ്കിടേഷിന്റെ വീടിന് തീയിടുകയായിരുന്നു.
സംഭവത്തില്‍ ഗംഗരാജു (25) എന്നയാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഹരീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി പോലീസ് തിരികെ ഗ്രാമത്തിലെത്തിച്ചപ്പോഴാണ് പ്രകോപിതരായ ഗ്രാമീണര്‍ പ്രതി വെങ്കിടേഷിന്റെ വീട്ടില്‍ പ്രവേശിച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. മരിച്ച ഹരീഷിന്റെ ബന്ധുക്കള്‍ മൃതദേഹം വെങ്കിടേഷിന്റെ വീട്ടില്‍ സംസ്‌കരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്നു.
വെങ്കിടേശപ്പയുടെ മകളും മരിച്ച ഹരീഷും പ്രണയത്തിലായിരുന്നുവെന്നും 10 മാസം മുമ്പ് ഇവര്‍ ഒളിച്ചോടിയിരുന്നുവെന്നും പോലീസ് സൂപ്രണ്ട് മിഥുന്‍ കുമാര്‍ പറഞ്ഞു. പിന്നീട് ഇവര്‍ ഗ്രാമത്തില്‍ തിരിച്ചെത്തി വിവാഹിതരാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഹരീഷിനു ജോലിയില്ലാത്തതിനാല്‍ വെങ്കടേശപ്പ എതിര്‍ത്തു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഹരീഷ് ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് വടിയും കത്തിയും ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്.






