ജോലി പോകുമെന്ന ഭീതിയില്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ധാര്‍വാഡ്- കര്‍ണാടകയില്‍  ഭാര്യയേയും മകളേയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ധാര്‍വാഡ് നഗരത്തിലെ കവാലികൈ ചാലയിലാണ് സംഭവം.

കോവിഡ് പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവും നഷ്ടപ്പെടുമെന്ന ഭീതിയിലാണ്  മൗനേഷ് പട്ടാര (36) എന്നയാള്‍ ഭാര്യ അര്‍പിതയെയും (28) മകള്‍ ശുക്രിതയെയും (4) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു മൗനേഷ്.

ഗഡാഗ് ജില്ലയിലെ റോണ താലൂക്കില്‍ അസൂട്ടി സ്വദേശിയായ ഇദ്ദേഹം കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ധാര്‍വാഡിലേക്ക് താമസം മാറ്റിയത്.

അഞ്ച് വര്‍ഷം മുമ്പായിരുന്നു വിവാഹം. കൊറോണ വൈറസ്  കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ മൗനേഷ് ജോലിയും ശമ്പളവും നഷ്ടപ്പെടുമെന്ന ഭയത്താല്‍ അസ്വസ്ഥനായിരുന്നുവെന്ന് പറയുന്നു.

രക്തസമ്മര്‍ദ്ദം കുറഞ്ഞ ഭാര്യ അര്‍പിതയേയും പനി ബാധിച്ച  മകളേയും പ്രദേശത്തെ ഡോക്ടറെ കാണിച്ചിരുന്നു. മകളുടെ പനി ശമിക്കാത്തത് കൊറോണ വൈറസ് ബാധയായിരിക്കുമെന്നും  മൗനേഷ് ഭയപ്പെട്ടിരുന്നു.

തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. മൗനേഷ് എഴുതിയ ആത്മഹത്യ കുറിപ്പ് ധാര്‍വാഡ് സബ് സിറ്റി പോലീസ് കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Latest News