ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ സ്പീക്ക് അപ്പ് ഫോർ ഡെമോക്രസി ക്യാംപയിനുമായി കോൺഗ്രസ്

ജയ്പുർ- രാജസ്ഥാനിലെ സർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പി നീക്കത്തെ തടയാനുള്ള കോൺഗ്രസ് നീക്കം വിജയിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കം തടയുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അതേസമയം, പ്രതിസന്ധിയിൽ തങ്ങൾക്ക് പങ്കില്ലെന്നും കോൺഗ്രസിനകത്തെ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ നാടകങ്ങൾക്ക് പിന്നിലെന്നുമാണ് ബി.ജെ.പിയുടെ നിലപാട്. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ഇതിന്റെ ഭാഗമായി കോൺഗ്രസ് 'സ്പീക്ക് അപ്പ് ഫോർ ഡെമോക്രസി' എന്ന പേരിൽ ഓൺലൈൻ ക്യാമ്പയിൻ ആരംഭിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പി ട്വീറ്റ് ചെയ്തു.
'നെറികെട്ട രാഷ്ട്രീയത്തിനായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്യാനുമുള്ള ബി.ജെ.പിയുടെ ആവർത്തിച്ചുള്ള ശ്രമങ്ങൾക്കെതിരെ കോൺഗ്രസ് ദേശീയ തലത്തിൽ പ്രതിഷേധം ആരംഭിക്കുകയാണ്. സ്പീക്ക് അപ്പ് ഫോർ ഡെമോക്രസി എന്ന പേരിൽ ജൂലൈ 26 മുതൽ ക്യാമ്പയിൻ തുടങ്ങും. ജനാധിപത്യത്തെ സംരക്ഷിക്കാനായി എല്ലാവരും ഇതിനൊപ്പം നിൽക്കണമെന്നും കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളമുള്ള കോൺഗ്രസ് പ്രവർത്തകർ നാളെ രാജ് ഭവന് മുന്നിൽ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജസ്ഥാനിൽ ഭൂരിപക്ഷം തെളിയിക്കാൻ തിങ്കളാഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രഖ്യാപനവും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സമ്മേളനം വിളിച്ചുചേർക്കാതിരിക്കാൻ ഗവർണർക്ക് മേൽ ബി.ജെ.പി സമ്മർദ്ദവും ചെലുത്തി. ഗവർണർ കൽരാജ് മിശ്രയെ 12 അംഗ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. രാജസ്ഥാനിൽ ഭരണഘടനാ പ്രതിസന്ധി നിലനിൽക്കുകയാണെന്ന് ആരോപിച്ച ബി.ജെ.പി മുഖ്യമന്ത്രി അശോക് ഗെലോട്ടും കോൺഗ്രസും അതി നാടകീയത കൊണ്ടുവരികയാണെന്നും കുറ്റപ്പെടുത്തി. ഗവർണറെ ഭരണഘടനാ കടമകളിൽനിന്ന് വിലക്കുകയായണെന്നും ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ സതീഷ് പൂനിയ കുറ്റപ്പെടുത്തി.
'നിയമസഭാ സമ്മേളനം വിളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിലവിലിരിക്കെ, രാജ്ഭവനെ കുത്തിയിരിപ്പ് സമരവേദിയാക്കുകയാണ് കോൺഗ്രസ്. അത് ശരിയാണോ? അവർ പകർച്ചവ്യാധി നിയമം ലംഘിക്കുകയാണ്. കൊറോണ വൈറസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞങ്ങൾ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്', പൂനിയ പറഞ്ഞു. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭയ്ക്ക് അവകാശമുണ്ട്. പക്ഷേ, അതിനൊരു കാരണമുണ്ടായിരിക്കണം. കോൺഗ്രസ് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തതിന് പിന്നിൽ യാതൊരു കാരണവുമില്ലെന്നും ബി.ജെ.പി പറഞ്ഞു. ഗവർണർക്ക് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തണം. സർക്കാർ ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയിലാണെന്നും ബി.ജെ.പി നേതാക്കൾ വിമർശിച്ചു. നിയമസഭ വിളിച്ചുചേർത്ത് ഭൂരിപക്ഷം തെളിയിക്കുമെന്നാണ് അശോക് ഗെലോട്ട് അറിയിച്ചിരിക്കുന്നത്. സച്ചിൻ പൈലറ്റിനെയും 18 എം.എൽ.എമാരെയും അയോഗ്യരാക്കിയ വിഷയത്തിൽ രാജസ്ഥാൻ ഹൈക്കോടതിയും സുപ്രീംകോടതിയും വാദം കേൾക്കൽ തുടരവെയാണ് ഗെലോട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

 

Latest News