റിയാദ്- സൗദിയില്‍ ഇതുവരെ കൊറോണ സംശയിച്ച് 30 ലക്ഷത്തോളം പി.സി.ആര് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടക്കത്തില്‍ ദിവസേന ആയിരം ലാബ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിരുന്നത്. ഇപ്പോള്‍ ഇത് 65,000 ലാബ് പരിശോധനകളായി ഉയര്‍ന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ സംശയിച്ച് 52,502 പേര്‍ക്ക് പി.സി.ആര് പരിശോധനകള്‍ നടത്തി. സൗദിയില്‍ ഇതുവരെ ആകെ 29,46,928 പി.സി.ആര് പരിശോധനകളാണ് നടത്തിയത്.
പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 38 ശതമാനം പേര് വനിതകളും 62 ശതമാനം പേര് പുരുഷന്മാരും അഞ്ചു ശതമാനം പേര് വയോജനങ്ങളും 12 ശതമാനം പേര് കുട്ടികളും 83 ശതമാനം പേര് മുതിര്‍ന്നവരുമാണ്.
മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ കണിശമായി പാലിച്ചതിലൂടെ കൊറോണ ബാധിതനായ യുവാവ് പ്രമേഹരോഗിയായ പിതാവിന് കൊറോണ പടര്‍ന്നുപിടിക്കാതെ നോക്കിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ജോലിയുടെ ഭാഗമായ യോഗത്തിനിടെ കൊറോണ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് യുവാവിന് രോഗം ബാധിച്ചത്. മീറ്റിംഗില്‍ പങ്കെടുത്ത നാലു പേര്‍ക്ക് കൊറോണ ബാധിച്ചിരുന്നു.






