ന്യൂദല്‍ഹി- കോവിഡിനെതിരായ സമൂഹ പ്രതിരോധം ഇനിയും അകലെയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ജനസംഖ്യയിലെ വലിയൊരു വിഭാഗത്തില്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ രൂപപ്പെടുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റിക്ക് ഉടനെയൊന്നും സാധ്യതയില്ലെന്നും മരുന്ന് ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമേ ഇതിന്റെ വേഗം കൂട്ടാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടന ജനീവയില്‍നിന്ന് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ തത്സമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. സൗമ്യ സ്വാമിനാഥന്‍. പ്രകൃതി പ്രതിരോധശേഷിയുടെ ഘട്ടത്തിലേക്ക് കടക്കാന്‍ അണുബാധയുടെ കൂടുതല്‍ തരംഗങ്ങള്‍ ആവശ്യമായി വരും. അതുകൊണ്ട് ശാസ്ത്രജ്ഞര്‍ വാക്‌സിനുകള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും കൊറോണ വൈറസിനെ ലോകത്തിനു നേരിടേണ്ടിവരും. മരണനിരക്ക് കുറയ്ക്കാനും ആളുകളെ അവരുടെ ജീവിതവുമായി മുന്നോട്ട് പോകാനും ചികിത്സകള്‍ സഹായിക്കും.
സമൂഹ പ്രതിരോധശേഷി എന്ന ഈ ആശയം സാധ്യമാകാന്‍ ജനസംഖ്യയുടെ 50 ശതമാനം മുതല്‍ 60 ശതമാനം വരെ പേര്‍ പ്രതിരോധശേഷി കൈവരിക്കണം. എങ്കില്‍ മാത്രമെ, യഥാര്‍ത്ഥത്തില്‍ ഈ സംക്രമണ ശൃംഖലകളെ തകര്‍ക്കാന്‍ കഴിയുകയുള്ളൂ- ഡോ. സൗമ്യ സ്വാമിനാഥന്‍ വിശദീകരിച്ചു.
വാക്‌സിന്‍ ഉപയോഗിച്ച് നേരിടുന്നത് തന്നെയാണ് എളുപ്പം. ആളുകള്‍ക്ക് രോഗം വരാതെയും മരിക്കാതെയും അതുവഴി നോക്കാന്‍ കഴിയും. സ്വാഭാവിക അണുബാധയിലൂടെ സമൂഹ പ്രതിരോധശേഷി കൈവരിക്കാന്‍ രോഗബാധയുടെ നിരവധി തരംഗങ്ങള്‍ക്കും മരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടിവരും-അവര്‍ പറഞ്ഞു.
അതിനിടെ, ജനങ്ങളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാരമ്പര്യ ചികിത്സാ സംവിധാനങ്ങളും സഹായകമായതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഷാങ്ഹായി കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ആരോഗ്യമന്ത്രിമാരുടെ ഡിജിറ്റല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.