Sorry, you need to enable JavaScript to visit this website.

നരസിംഹ റാവു സാമ്പത്തിക പരിഷ്‌കരണത്തിന്റെ പിതാവ്- മന്‍മോഹന്‍ സിംഗ്

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഇന്ത്യയുടെ മഹാനായ പുത്രനാണെന്നും അദ്ദേഹമാണ് ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ യഥാര്‍ഥ പിതാവെന്നും മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് പറഞ്ഞു.


കോണ്‍ഗ്രസ് തെലങ്കാന ഘടകം സംഘടിപ്പിച്ച നരസിംഹ റാവുവിന്റെ ഒരു വര്‍ഷം നീളുന്ന ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ്.
1991 ല്‍ നരസിംഹ റാവു സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച ദിവസം തന്നെ  അനുസ്മരണ പരിപാടി ഒത്തുവന്നതില്‍ പ്രത്യേകിച്ചും സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ഇന്ത്യയുടെ അടിത്തറയായും രാജ്യത്ത് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മുന്നോട്ടുവെക്കുന്ന മാര്‍ഗരേഖയായും 1991 ലെ ബജറ്റിനെ പലരും പ്രശംസിച്ചിരുന്നു.
രാജീവ് ഗാന്ധിയുടെ സ്മരണക്കായാണ് നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയെന്ന നിലയില്‍ തന്റെ ആദ്യ ബജറ്റ് സമര്‍പ്പിച്ചിരുന്നതെന്ന് മന്‍മോഹന്‍ സിംഗ് അനുസ്മരിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളിലും ഉദാരവല്‍ക്കരണത്തിലും ഇന്ത്യയെ പലവിധത്തില്‍ മാറ്റിമറിക്കുന്നതായിരുന്നു 1991 ലെ ബജറ്റ്.
കഠിനമായ തെരഞ്ഞെടുപ്പും ധീരമായ തീരുമാനവുമായിരുന്നു അത്.   അക്കാലത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരുന്ന രോഗങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കിയ ശേഷം പ്രധാനമന്ത്രി നരസിംഹറാവു തനിക്ക് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി  ഓണ്‍ലൈന്‍ സമ്മേളനത്തില്‍ പറഞ്ഞു.
റാവു തനിക്ക് സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയുമായിരുന്നുവെന്ന് സിംഗ് പറഞ്ഞു.
രാഷ്ട്രീയമായി വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ നേരിടാന്‍ ഒരാള്‍ക്ക് കടുത്ത തീരുമാനങ്ങളെടുക്കാന്‍ കഴിയുമോ എന്നത് ഒരു വലിയ ചോദ്യമായിരുന്നു. പുറമെനിന്നുള്ള പിന്തുണയെ ആശ്രയിച്ചിരുന്ന ന്യൂനപക്ഷ സര്‍ക്കാരായിരുന്നു അത്. എന്നിട്ടും എല്ലാവരെയും കൂടെ കൊണ്ടുപോകാന്‍ നരസിംഹറാവുവിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിലൂടെയാണ് തന്റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതെന്നും മന്‍മോഹന്‍ സിംഗ് തുടര്‍ന്നു.

 

Latest News