Sorry, you need to enable JavaScript to visit this website.

ആരോഗ്യപ്രവർത്തകർക്ക്  കോവിഡ്, കോട്ടയത്ത് ആശങ്ക

ക്ലസ്റ്റർ സോണായി പ്രഖ്യാപിച്ച അയ്മനം പഞ്ചായത്തിലെ പതിനാലാം വാർഡിലെ മാളേക്കൽ പാലം അടച്ച നിലയിൽ.

കോട്ടയം - ആരോഗ്യ പ്രവർത്തകരിലെ രോഗബാധയും പുതിയ ക്ലസ്റ്ററുകളും കോട്ടയത്തിന്റെ ആശങ്ക വർധിപ്പിക്കുന്നു. ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനു കോവിഡ് പോസിറ്റീവായി. കൂട്ടിക്കൽ സ്വദേശിനിയാണ്. ജില്ലാ ആശുപത്രിയിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു. മെഡിക്കൽ കോളജിലെ ഗൈനക്കോളജി വാർഡിൽ രോഗ ബാധ നേരത്തെ റിപ്പോർട്ട്‌ചെയ്തിരുന്നു. ഓർത്തോ വിഭാഗത്തിലും കോവിഡ് രോഗികൾ എത്തിയതിനെ തുടർന്ന് ഇവിടെയുളള രോഗികളെയും മറ്റു വാർഡുകളിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ്  പോസിറ്റീവായതായി റിപ്പോർട്ടുകൾ വന്നെങ്കിലും സർക്കാർ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഇത് വന്നില്ല. ഗൈനക്കോളജി പതോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗമെന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ. 
കോട്ടയത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയം എറണാകുളം റൂട്ടിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെ കണ്ടക്ടറെയും വെഹിക്കിൾ സൂപ്പർവൈസറെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ജൂലൈ 20 നാണു ഇദ്ദേഹം അവസാനമായി ജോലിക്ക് എത്തിയത്. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ അണുവിമുക്തമാക്കി. സർവീസുകൾക്കു മുടക്കം വന്നിട്ടില്ല. കഌസ്റ്റർ മേഖലയിലായതിനാൽ വൈക്കം കെഎസ്ആർടിസി ഡിപ്പോ അടച്ചു പൂട്ടി. കിഴക്കേ നടയിലുളള ദളവാകുളം ബസ് സ്റ്റാന്റിൽ നിന്നാണ് ഇപ്പോൾ  സർവീസുകൾ. 
ജില്ലയിൽ അൻപതു പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 42 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. സൗദിയിൽ നിന്നെത്തിയ രണ്ടു പേർ ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിലെ അഞ്ചു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ രണ്ടു പേരും രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇതുവരെ ആകെ 737 പേർക്ക് രോഗം ബാധിച്ചു 371 പേർ രോഗമുക്തരായി. ജില്ലാ കലക്ടർ ക്വാറന്റിനിലായതിന്റെ പിന്നാലെ കലക്‌ട്രേറ്റിലെ ചുങ്കം മള്ളൂശേരി സ്വദേശിയായ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. വൈക്കത്ത് അഞ്ചും ചങ്ങനാശേരിയിൽ മൂന്നു പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പാറത്തോട് ഇടക്കുന്നം മേഖലകളിലായി പത്തു പുതിയരോഗികളാണുളളത്. കോട്ടയം ബേക്കർ ജംഗ്ഷനിലെ എജ്യൂക്കേഷൻ കൺസൾട്ടൻസി സ്ഥാപനത്തിലെ രണ്ടു പേർക്കും രോഗമുണ്ട്.
കോട്ടയം ജില്ലയിൽ അഞ്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആറു വാർഡുകൾകൂടി കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. വൈക്കം, കോട്ടയം മുനിസിപ്പാലിറ്റികളിലെ 24-ാം വാർഡുകൾ, അയ്മനം പഞ്ചായത്തിലെ 14-ാം വാർഡ്, പാറത്തോട് പഞ്ചായത്തിലെ 16-ാം വാർഡ്, വെച്ചൂർ പഞ്ചായത്തിലെ 1, 4 വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയൻമെന്റ് സോണുകൾ.

Latest News