Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് കൂടുതൽ നിയന്ത്രണങ്ങൾ

മലപ്പുറം-ജില്ലയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് ജില്ലാതല സമിതിയുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും യോഗം തീരുമാനിച്ചു. ജൂലൈ 27 മുതൽ  ഓഗസ്റ്റ് 10 വരെ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയിൽ രാത്രി എട്ടു വരെ ഭക്ഷണം പാഴ്സൽ നൽകാം.  ഇരുന്ന് കഴിക്കാൻ പാടില്ല. 
കണ്ടെയ്ൻമെന്റ് സോണിൽ നിലവിലുളള നിയന്ത്രണങ്ങൾ തുടരും. ഇറച്ചി, മത്സ്യക്കടകളിലെ  ജീവനക്കാർ മാസ്‌ക് ധരിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുള്ളതിനാൽ ഇവിടങ്ങളിൽ പോലീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകൾ പരിശോധന നടത്തും. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ അകത്തും പുറത്തും സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിർബന്ധമായും പാലിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.
ദുരന്ത നിവാരണത്തിന്റെ ഭാഗമായി ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ അടിയന്തരമായി വാങ്ങുന്നതിനും യോഗം തീരുമാനിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് പ്രത്യേക യൂനിഫോം നൽകും. 


യോഗത്തിൽ ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം, സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ എൻ.എസ്.കെ. ഉമേഷ്, സബ് കലക്ടർ കെ.എസ്. അഞ്ജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, ഡി.പി.എം ഡോ.ഷിബുലാൽ,  ജില്ലാ ഫയർ ഫോഴ്സ് ഓഫീസർ മൂസ വടക്കേതിൽ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ പി.ടി. ഗീത തുടങ്ങിയവർ പങ്കെടുത്തു.

 

Latest News