Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എറണാകുളം ജില്ലയിലെ വൃദ്ധസദനങ്ങളിൽ റെഡ് അലർട്ട്‌

കൊച്ചി - കോവിഡിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ മുഴുവൻ വൃദ്ധസദനങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി മന്ത്രി വി.എസ്. സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ 400 ലധികം വൃദ്ധ സദനങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ. മുഴുവൻ വൃദ്ധസദനങ്ങളിലും റെഡ് അലർട്ട് നിർദേശം നൽകിയതായും മന്ത്രി വി.എസ്. സുനിൽ കുമാർ വ്യക്തമാക്കി. 
ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി സാമൂഹിക നീതി വിഭാഗത്തോട് നാളെ മുതൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കാൻ നിർദേശം നൽകി. ഈ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ രോഗവിവരങ്ങൾ എല്ലാ ദിവസവും ആരോഗ്യവകുപ്പിനെയും അറിയിക്കാനും നിർദേശം നൽകി. ജില്ലയിലെ കോൺവെന്റുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. 


നിലവിലെ സാഹചര്യത്തിൽ ഇത്തരം യാത്രകൾ പരിപൂർണമായും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു സ്ഥാപനത്തിൽ നിന്നും പുറത്തു പോകാൻ ഒരാളെ നിശ്ചയിച്ച് നിയോഗിക്കണം. ഇങ്ങനെ പോകുന്നയാൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും തിരികെ വരുമ്പോൾ ഐസൊലേഷനിൽ  ഇരിക്കുകയും ചെയ്യണം. ഇതേ രീതിയിൽ അല്ലാതെ പുറത്തു പോകാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. തൃക്കാക്കര കരുണാലയം വൃദ്ധസദനത്തിൽ 143 അംഗങ്ങൾ താമസിക്കുന്നു. നിലവിലെ ഇവിടുത്തെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ കരുണാലയത്തെ ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. 24 മണിക്കൂറും ഡോക്ടർ ഇവിടെ ഉണ്ടാകും. കോൺവെന്റിന്റെ സഹകരണത്തോടെ രണ്ടു ചെറുപ്പക്കാരായ കന്യാസ്ത്രീകളെയും ഇവരെ പരിചരിക്കുന്നതിനായി നിയോഗിച്ചു. ഇതിനു പുറമെ നഴ്സുമാരുടെ സഹായവും ഉണ്ടാകും. ഇവിടേക്ക് ഒരു മെഡിക്കൽ ടീമിനെയും നിയോഗിച്ചു. ആവശ്യമായ മരുന്നു ലഭ്യമാക്കും. ഓക്സിജൻ സിലിണ്ടർ അടമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. സ്പെഷ്യൽ ടെലിമെഡിസിൻ സംവിധാനവും ഇവിടെ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. പാലിയേറ്റീവ് കെയർ സ്പെഷ്യലിസ്റ്റിനെ നിയോഗിച്ചു. 24 മണിക്കുറും ലഭ്യമാകുന്ന രണ്ട് ആംബുലൻസും ഇവിടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളൽ അതീവ ജാഗ്രതയും ശ്രദ്ധയും ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.


മൽസ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് സ്റ്റാൻഡേർഡ് ഓഫ് പ്രൊസീജ്യർ തയാറാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന മൽസ്യബന്ധന വള്ളങ്ങൾക്കോ വ്യക്തികൾക്കോ ഇവിടുത്തെ തീരമേഖലകളിൽ മൽസ്യബന്ധനം നടത്താൻ അനുവദിക്കില്ല. ഒരു പ്രദേശത്ത് നിന്നും മൽസ്യ ബന്ധനത്തിന് പോകുന്നവർ അതേ സ്ഥലത്തെ ഹാർബറിൽ തന്നെ തിരിച്ചെത്തണം അല്ലാതെ മറ്റേതെങ്കിലും ജില്ലയിലെ ഹാർബറിൽ പോകാൻ അനുവാദമില്ല. 


മറ്റേതെങ്കിലും ജില്ലയിൽ നിന്നും വരുന്നവർക്ക് ഇവിടുത്തെ ജില്ലയിലെ ഹാർബറിൽ പ്രവേശിക്കാനും അനുവാദമില്ല. ഇതിനായി മോണിറ്ററിംഗിന് കമ്മിറ്റിയെ നിയോഗിക്കും. മറ്റു സ്ഥാനങ്ങളിൽ ഉള്ളവരെ ഇവിടുത്തെ ബോട്ടുകളിൽ മൽസ്യബന്ധനത്തിന് പോകുന്നതിനായി ബോട്ടുടമകൾ കൊണ്ടുവരുന്നുണ്ടെങ്കിൽ നിർബന്ധമായും അവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഒപ്പം ഇവരെ ക്വാറന്റൈനിൽ പാർപ്പിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. ചെല്ലാനം നിലയിൽ നല്ല രീതിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും അടുത്ത ഘട്ടമായി ആന്റിജൻ പരിശോധന ആരംഭിക്കും. ആവശ്യമായ പരിശോധനാ കിറ്റുകൾ ലഭിക്കുന്ന മുറയ്ക്ക് പരിശോധന ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Latest News