Sorry, you need to enable JavaScript to visit this website.

വന്ദേ ഭാരത് മിഷൻ; എയർ ഇന്ത്യ ദമാം കൊച്ചി വിമാനം നാളത്തേക്ക് മാറ്റി.

ദമാം- ഇന്ന് ദമാമിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം സാങ്കേതിക കാരണങ്ങളാൽ നാളത്തേക്ക് മാറ്റിയതായി എയർ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. വന്ദേഭാരത് മിഷൻ സർവീസിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടു മണിക്ക് ദമാമിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എ ഐ 1902 വിമാന സമയത്തിൽ മാറ്റം വരുത്തി ഇന്ന് വൈകിട്ട് ആറു മണിക്കാണെന്നുള്ള അറിയിപ്പ് ഇന്നലെ വൈകുന്നേരത്തോടെയാണ് എയർ ഇന്ത്യ അൽ കോബാർ ഓഫീസിൽനിന്നും നൽകിയത്. ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന വിദൂര സ്ഥലങ്ങളിൽ നിന്നു പോലും പലരും സമയ മാറ്റത്തെ കുറിച്ച് അറിയാതെ ഇന്ന് വെളുപ്പിനെ ദമാം എയർപോർട്ടിൽ എത്തിയിരുന്നു. ഇതിൽ പല ആളുകളും എയർപോർട്ടിൽ തന്നെ കാത്തിരിക്കുകയും ബാക്കിയുള്ളവർ വൈകിട്ട് മൂന്നു മണിക്ക് തന്നെ എയർപോർട്ടിൽ എത്തിയിരുന്നു. നാല് മണിയോടെ ബോർഡിംഗ് പാസ് ഇഷ്യൂ ചെയ്തു തുടങ്ങി അമ്പതോളം ആളുകൾ എയർ പോർട്ടിനകത്തു കേറി എമിഗ്രഷൻ പൂർത്തിയാക്കി. ഇതിനിടയിലാണ് വിമാനം മുടങ്ങിയതായുള്ള അറിയിപ്പ് കൗണ്ടറിൽ നിന്നും ലഭിക്കുന്നത്. ബോർഡിംംഗ് എടുക്കാനായി ക്യുവിൽ നിൽക്കുന്ന ആളുകൾ പരിഭ്രാന്തിയോടെ ബഹളം വെച്ചെങ്കിലും ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അധികൃതർ നാളെ രാവിലെ മാത്രമേ യാത്ര പുറപ്പെടാനാവൂ എന്നറിയിക്കുകയായിരുന്നു. എമിഗ്രേഷൻ പൂർത്തിയാക്കി അകത്തു കടന്ന ആളുകളിൽ നിരവധി പേർ എക്‌സിറ്റ് വിസയിൽ പോകുന്നവരാണ്. എമിഗ്രേഷൻ പൂർത്തിയാക്കിയ എക്‌സിറ്റ് വിസയിലും റീ എൻട്രി വിസയിൽ പോകുന്നവരും എയർപോർട്ടിൽ തന്നെ കഴിയുന്നുണ്ട്. ഇവർക്കുള്ള ഭക്ഷണം ഇവിടെ തന്നെ ശരിയാക്കിയിട്ടുണ്ട്. സ്വന്തമായി താമസ സ്ഥലത്തേക്ക് പോകുന്നവർ രാവിലെ ആറു മണിക്ക് തന്നെ എയർപോർട്ടിൽ എത്തണമെന്നും രാവിലെ 8 50 നു തന്നെ യാത്ര ചെയ്യാനാവുമെന്നും അറിയിച്ചു. വിമാനം മുടങ്ങാനുള്ള യഥാർത്ഥ കാരണം എയർ ഇന്ത്യ അധികൃതർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഈ വിമാനത്തിൽ സേവനം നടത്തുന്ന ആവശ്യത്തിനുള്ള ജീവനക്കാരുടെ ലഭ്യത കുറവാണ് കാരണമെന്നാണ് അറിയാൻ സാധിച്ചത്. ഓരോ വിമാനത്തിലും സേവനം നടത്തുന്നവർ ഓരോ യാത്ര പൂർത്തീകരിച്ചതിനു ശേഷം ക്വാറന്റൈനിൽ പോകേണ്ടതിനാലാണ് ജീവനകാരുടെ കുറവ് വരുന്നതെന്നും അധികൃതർ അനൗദ്യോഗികമായി അറിയിക്കുന്നു.  

 

 

Latest News