ഗ്വാളിയോര്‍- അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതോടെ കൊറോണ വൈറസ് ഇല്ലാതാകുമെന്ന് ബി.ജെ.പി നേതാവും മധ്യപ്രദേശ് നിയമസഭാ പ്രോ ടെം സ്പീക്കറുമായ രാമേശ്വര്‍ ശര്‍മ അവകാശപ്പെട്ടു.
മനുഷ്യരാശിയുടെ ക്ഷേമത്തിനും അസുരന്മാരെ കൊല്ലുന്നതിനുമായിരുന്നു രാമന്റെ അവതാരമെന്നും രാമ ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡ് 19 മഹാമാരിയുടെ നാശവും തുടങ്ങുമെന്ന്് അദ്ദേഹം
ഗ്വാളിയോറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊറോണ വൈറസ് ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ബാധിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവായ ശര്‍മ പറഞ്ഞു. നമ്മള്‍ സാമൂഹിക അകലം പാലിക്കുക മാത്രമല്ല, നമ്മുടെ പുണ്യാത്മാക്കളെ ഓര്‍മ്മിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് അഞ്ചിനാണ് ആരംഭിക്കുന്നത്.