മംഗളൂരു - മംഗളൂരു വെൻലോക്ക് ആശുപത്രിയിലും തുടർന്ന് രണ്ട് സ്വകാര്യാശുപത്രികളിലും കോവിഡ് പരിശോധനക്ക് വിധേയനായ ആൾ വ്യത്യസ്ത പരിശോധനാ ഫലങ്ങൾ കാരണം വട്ടം കറങ്ങുന്നു.
ഗഞ്ചിമുട്ടിലെ മുത്തൂർ സ്വദേശിയാണ് തനിക്ക് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാതെ വിഷമിക്കുന്നത്. കടുത്ത തലവേദന കാരണം ഇദ്ദേഹം ഒരു സ്വകാര്യാശുപത്രിയിലാണ് ആദ്യം ചികിത്സക്ക് പോയത്. അവിടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നു.
മംഗളൂരുവിലെ കോവിഡ് ആശുപത്രിയായ വെൻലോക്ക് ആശുപത്രിയിൽ പോയി പരിശോധന നടത്താൻ സ്വകാര്യാശുപത്രി അധികൃതർ നിർദേശിച്ചു. വെൻലോക്കിൽ പരിശോധന നടത്തിയപ്പോൾ ഫലം കോവിഡ് പോസിറ്റീവ്. വെൻലോക്കിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് സ്ഥിരീകരിക്കുന്നതിനായി മുത്തൂർ സ്വദേശി രണ്ടാമത്തെ പരിശോധനയ്ക്കായി മറ്റൊരു സ്വകാര്യാശുപത്രിയിൽ പോയി. എന്നാൽ ഇവിടത്തെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെ ആൾ ആശയക്കുഴപ്പത്തിൽ കഴിയുന്നതിനിടെ ജില്ലാ അധികൃതർ മുത്തൂർ സ്വദേശിയുടെ വീട് പൂട്ടി മുദ്രവെച്ചു.
സ്വകാര്യ ആശുപത്രിയിലെ ഫലം ബോധ്യപ്പെടുത്തിയിട്ടും ജില്ലാ ഭരണകൂടം ഇത് അംഗീകരിക്കുന്നില്ലെന്നാണ് പരാതി. എന്റെ ആരോഗ്യ സ്ഥിതിക്ക് ഒരു കുഴപ്പവുമില്ല. തലവേദന വന്നതിനാണ് ടെസ്റ്റ് നടത്താൻ പോയതെന്ന് ഇയാൾ പറയുന്നു.






