കണ്ണൂർ - രാജ്യത്തെ നാവിക അക്കാദമികളിൽ വെച്ച് ഏറ്റവും വലിയ സോളാർ പ്ലാന്റ് ഏഴിമല നാവിക അക്കാദമിയിൽ പ്രവർത്തനമാരംഭിച്ചു. പദ്ധതി, സതേൺ നേവൽ കമാൻഡൻഡ് വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ല കമ്മീഷൻ ചെയ്തു.
2022 ഓടെ 100 ഗിഗാവാട്ട് സൗരോർജം കൈവരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നാഷണൽ ലോലാർ മിഷൻ പദ്ധതി പ്രകാരമാണ് സോളാർ പ്ലാന്റ് നിർമിച്ചത്. തദ്ദേശീയമായി നിർമിച്ച 9180 മോണോ ക്രിസ്റ്റൽ സോളാർ പാനലുകൾക്കു 25 വർഷത്തെ ആയുസ്സാണ് കണക്കാക്കുന്നത്. കെൽട്രോൺ ആണ് പദ്ധതി നിർമ്മാണ മേൽനോട്ടം വഹിച്ചത്. ഇവിടെ ഉൽപാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിക്കു കൈമാറും. കോവിഡ്19 മാനദണ്ഡങ്ങൾ പാലിച്ച് കെ.എസ്.ഇ.ബി.യുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്. നാവിക അക്കാദമി പരിസരത്തു നിർമിച്ച പ്ലാന്റിൽ നിന്നും ആദ്യ ഘട്ടത്തിൽ മൂന്ന് മെഗാവാട്ട് വൈദ്യുതി ലഭ്യമാകും. നാവിക അക്കാദമിയിലെ ഊർജ ആവശ്യത്തിനുപകരിക്കുന്ന ഈ പ്ലാന്റ്, കാർബൺ മാലിന്യങ്ങളുടെ അളവ് കുറക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നിലനിർത്താനും സഹായകമാവും.