Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ഫസ്റ്റ്‌ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ  സംവിധാനങ്ങൾ ഒരുക്കുന്നതിൽ അനാസ്ഥ


കണ്ണൂർ - കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന പശ്ചാത്തലത്തിലും കണ്ണൂർ ജില്ലയിലെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അനാസ്ഥ. ഇന്നലെ വരെ തദ്ദേശ സ്ഥാപനങ്ങൾ മുഖേന തയാറായത് 1535 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനം മാത്രം. ഓരോ പഞ്ചായത്തുകളിലും 100 കിടക്കകൾ വീതവും നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ ഒരു വാർഡിൽ 50 കിടക്കകൾ വീതവും ഒരുക്കാനായിരുന്നു ജില്ലാ ഭരണകൂടം നൽകിയ നിർദേശം. ജില്ലയിൽ 22,000 രോഗികൾക്കുള്ള സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 


കണ്ണൂർ കോർപറേഷനിൽ 760 (ലക്ഷ്യം 2750) കിടക്കകളും തളിപ്പറമ്പ് നഗരസഭയിൽ 51 (2050), ആന്തൂരിൽ 150 (1400), ശ്രീകണ്ഠാപുരത്ത് 100 (1500), പയ്യന്നൂരിൽ 300 (2200), മട്ടന്നൂരിൽ 350 (1750), ഇരിട്ടിയിൽ 134 (1650), തലശ്ശേരിയിൽ 250 (2600), പാനൂരിൽ 50 (2000), കൂത്തുപറമ്പിൽ 150 (1400) കിടക്കകളാണ് തയാറായത്. ഇവിടെ ഒന്നും രണ്ടും സ്ഥാപനങ്ങളിലായാണ് ഇവ ഒരുക്കിയത്. 1500 നു മുകളിൽ സംവിധാനം ഒരുക്കേണ്ട സ്ഥലത്താണ് പല നഗരസഭകളും ഇത്തരത്തിൽ ഉദാസീനമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും കൂടി 3300 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. 
പ്രാരംഭ ഘട്ടമെന്ന നിലയിലാണ് ഇവ ഒരുക്കിയതെന്നും സർക്കാർ നിർദേശങ്ങൾ പൂർണ തോതിൽ നടപ്പാക്കാനാവശ്യമായ സ്ഥലം കണ്ടുവെച്ചിട്ടുണ്ടെന്നുമാണ് തദ്ദേശ സ്ഥാപന അധികൃതർ നൽകുന്ന വിശദീകരണം. 


രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ചുള്ള കേന്ദ്രങ്ങൾ തുറക്കാനാണ് തീരുമാനം. കണ്ണൂർ കോർപറേഷൻ പരിധിയിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം, കെ.എം.എം വനിതാ കോളേജ്, വാരം സി.എച്ച്.എം ഹയർസെക്കണ്ടറി സ്‌കൂൾ, താണ മെട്രിക് ഹോസ്റ്റൽ, പയ്യാമ്പലം ടി.ടി.ഐ വിമൻസ് ഹോസ്റ്റൽ, പയ്യാമ്പലം എം.ടി.എം സ്‌കൂൾ, തോട്ട ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ, ജൂബിലി ഹാൾ, സ്‌പോർട്‌സ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.  
ജില്ലയിലെ എഴുപതിലധികം വരുന്ന ഗ്രാമപഞ്ചായത്തുകളിൽ മാടായി, പരിയാരം  പഞ്ചായത്തുകൾ മാത്രമാണ് അധികൃതരുടെ നിർദേശമനുസരിച്ച് നിശ്ചിത സമയത്തിനകം 100 കിടക്കകൾ സജ്ജീകരിച്ചത്. ബാക്കിയുള്ള പല പഞ്ചായത്തുകളിലും 50 ൽ താഴെ കിടക്കകൾ മാത്രമാണ് ഇതുവരെ സജ്ജീകരിച്ചത്. താൽക്കാലിക ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള കട്ടിലുകളും കിടക്കകളും മറ്റു സാധനങ്ങളും സ്‌പോൺസർഷിപ്പിലൂടെയും മറ്റുമാണ് കണ്ടെത്തുന്നത്. 


അതിനിടെ, ജില്ലയിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം ആയിരം കടന്നു. ആദ്യത്തെ നൂറു കേസുകളലെത്താൻ 38 ദിവസമാണ് എടുത്തതെങ്കിൽ, അവസാന 100 കേസുകൾ രണ്ട് ദിവസത്തിനുള്ളിലാണ് ഉണ്ടായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല കൂടിയാണ് കണ്ണൂർ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചു വരുന്നതാണ് ആശങ്ക ഉയരാൻ കാരണം. പയ്യന്നൂരിലും രാമന്തളിയിലുമടക്കം ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്. 
ജില്ലയിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ പരിയാരം മെഡിക്കൽ കോളേജിലും, മലബാർ കാൻസർ സെന്ററിലും കണ്ണൂർ ജില്ലാ ആശുപത്രിയിലുമടക്കം ശസ്ത്രക്രിയാ വിഭാഗങ്ങൾ അടച്ചു. ഒ.പി സമയം വെട്ടിക്കുറക്കുകയും ചെയ്തു.

 
 

Latest News