ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയില്‍

ന്യുദല്‍ഹി- ഹാദിയ കേസില്‍ എന്‍ ഐ എ അന്വേഷണം തുടരേണ്ടതുണ്ടോ, വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇന്ന് സുപ്രീം കോടതി പരിശോധിക്കും.
 
ഭരണ ഘടനയുടെ 226-ാം അനുച്ഛേദം അനുസരിച്ച് ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാന്‍ അധികാരമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുക. കോടതി ആവശ്യപ്പെട്ടെങ്കിലും എന്‍ ഐ എ അന്വേഷണത്തിന് മേല്‍നോട്ടാന്‍ വഹിക്കാന്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഇനി എന്‍ ഐ എ അന്വേഷണം തുടരേണ്ടതുണ്ടോ എന്നും കോടതി പരിശോധിക്കും. ഈ അന്വേഷണം നീതിപൂര്‍വമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഷെഫിന്‍ സമര്‍പ്പിച്ച ഹരജിയും ഇന്ന് പരിഗണിക്കും.
 
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അടക്കം ആറു പേര്‍ ഹാദിയ കേസില്‍ കക്ഷിചേരാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതികളില്‍ അന്വേഷണം നടത്താന്‍ അനുവാദം തേടിയാണ് വനിതാ കമ്മീഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹാദിയയുടെ ആരോഗ്യ നില അടക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ഹാദിയയെ നേരില്‍ കാണാനും കമ്മീഷന്‍ അനുമതി തേടിയിട്ടുണ്ട്. 
 
കേരളത്തിലെ ആസൂത്രിത മതരപരിവര്‍ത്തനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മതപരിവര്‍ത്തനം നടത്തി വിദേശത്തേക്ക് കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദുവും ഹര‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ബിജെപിയും ആര്‍ എസ് എസും ഉന്നയിക്കുന്ന വാദങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇവരുടെ ഹരജി. തന്റെ മകളുടെ മതരപരിവര്‍ത്തനം അടക്കം എല്ലാം എന്‍ ഐ എകൊണ്ട് അന്വേഷിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 

Latest News