Sorry, you need to enable JavaScript to visit this website.

വീണ്ടും  ബഹിരാകാശ യാത്രികരുമായി നാസ

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ പത്ത് വർഷത്തിന് ശേഷം വീണ്ടും മനുഷ്യനെ ബഹിരാകാശത്ത് അയക്കാൻ തീരുമാനിച്ചത് ടെക്ക് രാജാവായ ഇലോൺ മസ്‌കിന്റെ 'സ്‌പെയ്‌സ് എക്‌സു'മായി ചേർന്നുകൊണ്ടാണ്. അതോടൊപ്പം ആദ്യമായാണ് 'സ്‌പെയ്‌സ് എക്‌സ്' മനുഷ്യനെയും വഹിച്ചുകൊണ്ട് ബഹിരാകാശത്തേക്ക് കുതിക്കുന്നതെന്നതും മറ്റൊരു നാഴികക്കല്ലായി.
അമേരിക്കൻ വ്യോമസേനയുടെ ഭാഗമായിരുന്ന ബോബ് ബെഹൻകെനെയും ഡഗ് ഹാർലിയെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്നു എന്നതായിരുന്നു നാസയുടെയും സ്‌പെയ്‌സ് എക്‌സിന്റെയും 'ഡെമോ 2' എന്ന പേരിലുള്ള ദൗത്യം. 2011 ന് ശേഷം നാസയുടെ സ്‌പെയ്‌സ് ഷട്ടിൽ പ്രോഗ്രാം അവസാനിച്ച ശേഷം അമേരിക്കൻ ബഹിരാകാശ യാത്രികർ ഓർബിറ്റിലേക്ക് യാത്രകൾ നടത്താനായി റഷ്യൻ ബഹിരാകാശ വാഹനങ്ങളെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്.


അതുകൊണ്ടു തന്നെ ഒരു ദശാബ്ദത്തിന് ശേഷമുണ്ടായ, ഈ യാത്ര നാസക്കും അതോടൊപ്പം ഇലോണിന്റെ സ്‌പെയ്‌സ് എക്‌സിനും തീർച്ചയായും അഭിമാനം നൽകുന്ന കാര്യമാണ്.മേയിൽ ബഹിരാകാശ നിലയത്തിലെത്തിയ അമേരിക്കൻ അസ്‌ട്രോനോട്ടുകൾ രണ്ട് മാസങ്ങൾക്ക് ശേഷം തിരിച്ച് ഭൂമിയിലേക്ക് വരുന്നുവെന്ന വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. 
ഓഗസ്റ്റ് രണ്ടാം തീയതിയാണ് ബോബ് ബെഹൻകെനും ഡഗ് ഹാർലിയും ഭൂമിയിലേക്ക് തിരിച്ചെത്തുക. ഇരുവരെയും വഹിച്ചുകൊണ്ടുള്ള സ്‌പെയ്‌സ് പോഡ് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പതിക്കുക എന്നാണ് വിവരം. ഈ ദൗത്യത്തിനായി എട്ട് ബില്യൺ ഡോളറിന്റെ കരാറാണ് നാസ സ്‌പെയ്‌സ് എക്‌സിനും മറ്റൊരു ബഹിരാകാശ വാഹന നിർമാണ കമ്പനിയായ ബോയിംഗ് കോക്കും നൽകിയത്.

 

Latest News