റിയാദ് - അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന തീയതി നിർണയിച്ചിട്ടില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് തേടണമെന്ന് അഥോറിറ്റി ആവശ്യപ്പെട്ടു. മാർച്ച് മധ്യം മുതലാണ് സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്. സൗദിയിൽ വൈകാതെ പടിപടിയായി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന നിലക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയത്. സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ നിലയിലാണ്.