Sorry, you need to enable JavaScript to visit this website.

അതിസമ്പന്നനായ മാൻസ മൂസയെന്ന മാലി സുൽത്താൻ

സമ്പത്തിന്റെ സിംഹഭാഗവും പശ്ചിമാഫ്രിക്കയിൽ ഇസ്ലാമിക പ്രബോധനം ചെയ്യാനായിരുന്നു രാജാവ് മൂസ ചെലവഴിച്ചത്. ഓരോ വെള്ളിയാഴ്ചയും ഓരോ പള്ളി നിർമ്മിക്കുന്ന അദ്ദേഹത്തിന്റെ പതിവ് ഏറെ പ്രശസ്തമായിരുന്നു. 

മധ്യകാലഘട്ടത്തിലെ ഏറ്റവും വലിയ പണക്കാരനായ സുൽത്താനായിരുന്നു മാലിയിലെ മാൻസ മൂസ. ലോകത്തെ ഏറ്റവും വലിയ സ്വർണയുൽപാദക രാജ്യമെന്ന പേരിലറിയപ്പെട്ട മാലിയുടെ രാജാവായിരുന്ന അദ്ദേഹം കാങ്കൗ മൂസയെന്നും കങ്കൻ മൂസയെന്നും അറിയപ്പെട്ടിരുന്നു. മാൻസ മൂസയുടെ സമ്പത്തിന്റെ അളവത്രെയെന്ന് തിട്ടപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്ന് ടൈം മാഗസിന്റെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
13 മുതൽ 15 വരെ നൂറ്റാണ്ടുകളിൽ കെയ്റ്റ കുടുംബത്തിന്റെ കീഴിലായിരുന്നു മാലി. 1280ലാണ് മൂസ ജനിക്കുന്നത്. മാലിയിലെ സ്വർണ ഖനികളിൽ നിന്ന് അക്കാലത്ത് വൻതോതിൽ സ്വർണം കുഴിച്ചെടുത്തിരുന്നു. സ്വർണ ശേഖരങ്ങളുടെ പകുതിയിലധികവും രാജാവിന്റെ ഉടമസ്ഥതയിലായിരുന്നതിനാൽ അളവറ്റ സമ്പത്തിന്റെ ഉടമയായിരുന്നു ഈ ഭരണാധികാരി. 
മൂസക്ക് മുമ്പ് മാലിയുടെ ഭരണാധികാരി അദ്ദേഹത്തിന്റെ സഹോദരൻ അബൂബക്കരി കീറ്റ രണ്ടാമൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായിരുന്നു മൂസ. 200 കപ്പലുകളും നിറയെ ആളുകളും സ്വർണവും വർഷങ്ങൾ കഴിയാനുള്ള ഭക്ഷണവുമായി അറ്റ്‌ലാന്റിക് മഹാസമുദ്രത്തിൽ പര്യവേക്ഷണത്തിന് തന്റെ സൈന്യാധിപനെ ഒരിക്കൽ അബൂബക്കരി അയച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും സൈന്യാധിപൻ തിരിച്ചുവന്നില്ല. പകരം അവരിൽ പെട്ട ഒരു ബോട്ടുകാരൻ തിരിച്ചെത്തി. കടലിന്റെ പ്രക്ഷുബ്ധതയിൽ പെട്ട് ജനറലിനെ കാണാതായ വിവരം രാജാവിനെ അറിയിച്ചെങ്കിലും അദ്ദേഹം അതംഗീകരിച്ചില്ല. തുടർന്ന് അദ്ദേഹത്തെ അന്വേഷിച്ച് 2000 കപ്പലുകളും സർവ സന്നാഹങ്ങളുമായി രാജാവ് തന്നെ സമുദ്ര പര്യവേക്ഷണത്തിന് തിരിച്ചു. വർഷങ്ങളോളം കാത്തിരുന്നിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് പകരക്കാനായിരുന്ന സഹോദരൻ മൂസ സിംഹാസനത്തിനർഹനാവുകയായിരുന്നു.


തെക്കൻ മൗറിത്താനിയ, നൈജർ തുടങ്ങിയ രാജ്യങ്ങളും അയൽ പ്രദേശങ്ങളും മാലിയുടെ കീഴിലായിരുന്നു. മൂസ ധീരനായ ഒരു യോദ്ധാവ് കൂടിയായിരുന്നു. 25 വർഷം നീണ്ടു നിന്ന ഭരണകാലത്ത് നിരവധി പ്രദേശങ്ങൾ കീഴടക്കിയാണ് തന്റെ സാമ്രാജ്യം വിപുലമാക്കിയത്. അദ്ദേഹം കീഴടക്കിയ നഗരങ്ങളെല്ലാം തന്നെ അറ്റ്‌ലാന്റിക് മഹാസമുദ്ര തീരത്തായിരുന്നതിനാൽ അവയെല്ലാം വലിയ കച്ചവട കേന്ദ്രങ്ങൾ കൂടിയായിരുന്നു. സമ്പത്തിന്റെ സിംഹഭാഗവും പശ്ചിമാഫ്രിക്കയിൽ ഇസ്ലാമിക പ്രബോധനം ചെയ്യാനായിരുന്നു രാജാവ് മൂസ ചെലവഴിച്ചത്. ഓരോ വെള്ളിയാഴ്ചയും ഓരോ പള്ളി നിർമ്മിക്കുന്ന അദ്ദേഹത്തിന്റെ പതിവ് ഏറെ പ്രശസ്തമായിരുന്നു. 1324 ൽ മകൻ മാഗ കീറ്റക്ക് ഭരണച്ചുമതല നൽകി അദ്ദേഹം ഹജിനായി മക്കയിലേക്ക് യാത്ര നടത്തി. 60,000 ആളുകളും 12,000 അടിമകളും മന്ത്രിമാരും സൈനികരുമടക്കം മഹാ സംഘമായിരുന്നു അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. സംഘത്തിലെ അടിമകൾ പോലും പട്ടു വസ്ത്രങ്ങളും സ്വർണാഭരണങ്ങളും ധരിച്ചിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന 80 ഒട്ടകങ്ങളിലോരോന്നും 23 മുതൽ 136 കി.ഗ്രാം വരെയുള്ള സ്വർണ്ണപ്പെട്ടികൾ വഹിച്ചിരുന്നു. കൈറോ, മദീന വഴി മക്കയിലേക്കുള്ള പാതയിൽ കണ്ടുമുട്ടിയ പാവപ്പെട്ടവർക്ക് സ്വർണം ദാനമായി നൽകി. സ്വർണം കൊടുത്ത് ധാരാളം ഗ്രന്ഥങ്ങൾ ഈ യാത്രയിൽ അദ്ദേഹം വാങ്ങിക്കൂട്ടുകയും ചെയ്തു. മക്കയിൽ നിന്ന് തിരികെ വരുമ്പോൾ തന്റെ കൂടെ അഹ്‌ലുൽബൈത്ത് അംഗങ്ങളെയും പണ്ഡിതരെയും കൂടെ കൂട്ടി. പശ്ചിമാഫ്രിക്കയിൽ ഇസ്ലാമിക പ്രബോധനം ത്വരിതഗതിയിലാക്കാൻ ഈ പണ്ഡിതരെ ഉപയോഗപ്പെടുത്തലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 
1324 ലെ ഈ യാത്രയിൽ ഈജിപ്തിലെ മംലൂക്ക് സുൽത്താനായ അൽ നാസിർ മുഹമ്മദിനെ സന്ദർശിക്കുകയും കച്ചവട സംബന്ധമായി നിരവധി കരാറുകളിൽ ഒപ്പ് വെക്കുകയും ടൺ കണക്കിന് സ്വർണം അദ്ദേഹത്തിന് സമ്മാനമായി നൽകുകയും ചെയ്തു. മൂന്നു മാസത്തെ ഈ യാത്രയിൽ മക്കയിലും മദീനയിലും കൈറോയിലും അദ്ദേഹത്തിന്റെ ഉദാരമായ സംഭാവന നിമിത്തം സ്വർണവില ഇടിഞ്ഞ് സാമ്പത്തിക രംഗം ക്ഷയിച്ചതായി രേഖകളിൽ കാണാം. രണ്ടുപതിറ്റാണ്ട് ഈ അവസ്ഥ തുടർന്നിരുന്നുവെന്നാണ് ചരിത്രം.
വിദ്യാഭ്യാസം അഭിവൃദ്ധിപ്പെടുത്തുന്നതിന് ധാരാളം മദ്‌റസകളും പള്ളികളും പ്രത്യേകിച്ച് തിമ്പുക്ടു, ഗാവോ നഗരങ്ങളിൽ അദ്ദേഹം നിർമ്മിച്ചു. പ്രസിദ്ധമായ സാൻകോറി മദ്‌റസ, സാൻകോറി സർവകലാശാല ഇദ്ദേഹമാണ് നിർമ്മിച്ചത്. തിമ്പുക്ടു നഗരത്തെ പശ്ചിമാഫ്രിക്കയിലെ ഇസ്ലാമിക വിജ്ഞാനത്തിന്റെ കേന്ദ്രമാക്കി മാറ്റാനും അദ്ദേഹം ശ്രമിച്ചു. ഇക്കാലത്ത് ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന് മാലിയിലേക്ക് വൻ ജനപ്രവാഹവുമുണ്ടായി. 
25 വർഷത്തെ ഭരണത്തിന് ശേഷം 1337ലാണ് അദ്ദേഹത്തിന്റെ മരണം. മക്കയിൽ നിന്ന് തിരിച്ചെത്തിയ ഉടൻ തന്നെ അദ്ദേഹം മരിച്ചെന്ന് ചില ചരിത്രകാരന്മാർ പറയുന്നുണ്ടെങ്കിലും 1337ൽ അൾജീരിയയിലെ ത്‌ലിംസെൻ പ്രദേശം കീഴടക്കിയ സമയത്ത് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് ചരിത്രകാരനായ ഇബ്‌നുഖൽദൂൻ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തരം പിൻഗാമികൾക്ക് യഥാവിധം ഭരണം നടത്താനാവാത്തതിനാൽ മാലിയുടെ പ്രതാപത്തിന് അന്ത്യം കുറിക്കപ്പെടുകയും വിവിധ രാജ്യങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു.

Latest News