Sorry, you need to enable JavaScript to visit this website.

ബാബരി കേസില്‍ അദ്വാനി വെള്ളിയാഴ്ച മൊഴി നല്‍കണം; നിര്‍ദേശം നല്‍കാന്‍ അമിത് ഷാ എത്തി

ന്യൂദല്‍ഹി- ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരാകുന്നതിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു.

വര്‍ഷങ്ങളോളം രാമ ജന്മഭൂമി ക്ഷേത്ര പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മുതിര്‍ന്ന നേതാവിന് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കാണിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമായാണ് അമിത് ഷായുടെ സന്ദര്‍ശനത്തെ കാണുന്നത്.  ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്രത്തിനായുള്ള ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സി.ബി.ഐ കോടതിയില്‍ നല്‍കുന്ന മൊഴിയെ കുറിച്ച് അമിത് ഷായും ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവും എല്‍.കെ അദ്വാനിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.   

1992 ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി 28 വര്‍ഷമായിട്ടും മൊഴി നല്‍കിയിട്ടില്ല. മൂന്ന് പതിറ്റാണ്ടോളമായി കോടതികളില്‍ നിലനില്‍ക്കുന്ന കേസില്‍ ബി.ജെ.പി നേതാവിന്റെ  പ്രസ്താവന വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.  
എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം  2017 ല്‍ സുപ്രീം കോടതിയാണ് പ്രത്യേക ഭരണഘടനാ അധികാരം ഉപയോഗിച്ച് പുനരുജ്ജീവിപ്പിച്ചത്.  

എല്‍.കെ അദ്വാനിയുടെ പ്രസ്താവന സിആര്‍പിസി സെക്്ഷന്‍ 313 പ്രകാരം വെള്ളിയാഴ്ച രേഖപ്പെടുത്താനാണ് പ്രത്യേക ജഡ്ജി എസ്.കെ യാദവ് നിശ്ചയിച്ചിരിക്കുന്നത്.  മസ്ജിദ് തകര്‍ക്കുന്നതിന്  ജനക്കൂട്ടത്തെ എത്തിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്.  

 

Latest News