സൗദിയില്‍ ആദായനികുതി; അഭ്യൂഹങ്ങള്‍ തള്ളി അധികൃതര്‍

റിയാദ്- സൗദിയില്‍ ആദായ നികുതി ഏര്‍പ്പെടുത്താന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ അധികൃതര്‍ തള്ളി. ആദായ നികുതി പരിഗണനയില്‍ ഇല്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭയിലോ സര്‍ക്കാരിന്റെ ഏതെങ്കിലും സമിതിയിലോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ആദായ നികുതി ഏര്‍പ്പെടുത്താന്‍ നിലവില്‍ പദ്ധതിയില്ലെന്നും എന്നാല്‍ ഭാവിയില്‍ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമുള്ള ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്റെ പ്രസ്താവന ഉദ്ധരിച്ചാണ് സൗദിയില്‍ ആദായനികുതി ഏര്‍പ്പെടുത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. റോയിട്ടേഴ്‌സാണ് ബുധനാഴ്ച മന്ത്രിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ആഗോളതലത്തിലുള്ള സാമ്പത്തിക നടപടികളില്‍ ആദായ നികുതി ഒരു മാര്‍ഗമാണെന്നാണ് താന്‍ പരാമര്‍ശിച്ചതെന്നും കാബിനറ്റിലോ മറ്റു കമ്മിറ്റികളിലോ ഇക്കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ധനമന്ത്രിയും ട്വിറ്ററില്‍ വ്യക്തമാക്കി.

 

Latest News