കോഴിക്കോട്- കോവിഡ് 19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടികളുടെ ഭാഗമായി നഗരത്തിലെ ഏറ്റവും വലിയ മീന്‍വില്‍പ്പന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചു. ഓഗസ്റ്റ് രണ്ടുവരെ വില്‍പ്പനയുണ്ടാകില്ല. സംസ്ഥാനത്തെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് വ്യാപാരികളും തൊഴിലാളികളും ചേര്‍ന്ന് തീരുമാനം എടുത്തത്. മലപ്പുറം ജില്ലയിലെ ചില മാര്‍ക്കറ്റുകള്‍ അടച്ചതോടെ ഇവിടേക്ക് എത്തുന്നവരുടെ തിരക്ക് കൂടാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് തീരുമാനമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് പ്രസിഡന്റ് എം.പി അബ്ദുള്‍ ലത്തീഫ് പറഞ്ഞു.
നിലവില്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ച മീന്‍ വിറ്റ് തീര്‍ത്തു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ലോറികളുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇനി ഓഗസ്റ്റ് മൂന്നിന് മാത്രമേ മീന്‍ കൊണ്ടുവരികയുള്ളൂവെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമ്മിഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍.സി റഷീദ് പറഞ്ഞു.






