Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്ലാസ്മ ചികിത്സ കേരളത്തിലും ഫലപ്രദം, 90 ശതമാനവും വിജയകരം

തിരുവനന്തപുരം - കോവിഡ് കോൺവലസന്റ് പ്ലാസ്മ (സി.സി.പി)  ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളിൽ രോഗികളെയും രക്ഷിക്കാനായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പോലും ഈ ചികിത്സ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. പ്ലാസ്മ ചികിത്സ ഉപയോഗിച്ച് കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും കോവിഡ് രോഗികളെ ചികിത്സിച്ചതായും മന്ത്രി വ്യക്തമാക്കി. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോവിഡ് കോൺവലസന്റ് പ്ലാസ്മ തെറാപ്പി. 
പ്ലാസ്മ തെറാപ്പി നടത്തി ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ആദ്യത്തെ പ്ലാസ്മ ചികിത്സയും പ്ലാസ്മ ബാങ്കും തുടങ്ങിയത്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടർന്ന് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ പ്ലാസ്മ ബാങ്ക് സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഐ.സി.എം.ആർ., സ്റ്റേറ്റ് പ്രോട്ടോകോൾ എന്നിവയനുസരിച്ച് മെഡിക്കൽ ബോർഡുകളുടെ അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തിൽ വൈറസിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികൾ ശരീരത്തിൽ അവശേഷിക്കും. ഈയൊരു മാർഗം പിന്തുടർന്നാണ് കോവിഡ് കോൺവലസന്റ് പ്ലാസ്മ കേരളത്തിലും പരീക്ഷിച്ചത്.


പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കോവിഡ് രോഗ മുക്തരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. രണ്ട് പ്രാവശ്യം കോവിഡ് നെഗറ്റീവ് ഫലം വന്നതിന് ശേഷം 14 ദിവസം മുതൽ 4 മാസം വരെ പ്ലാസ്മ നൽകാവുന്നതാണ്. ഗർഭിണികളായ സ്ത്രീകളെ പ്ലാസ്മാ ദാനം ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫ്രസിനിയസ് കോംറ്റെക് മെഷീനിലൂടെ അഫെറെസിസ് ടെക്‌നോളജി മുഖേനയാണ് ആവശ്യമായ പ്ലാസ്മ മാത്രം രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നത്. 
രക്തദാതാവിൽ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടർച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെൻട്രിഫ്യൂഗേഷൻ പ്രക്രിയ വഴിയാണ് പ്ലാസ്മ വേർതിരിക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള രക്ത ഘടകമാണ് ഈ പ്രക്രിയ വഴി ലഭിക്കുന്നത്. ഇതിലൂടെ ഏറെ രക്തദാതാക്കളിൽ നിന്നുള്ള പ്ലാസ്മ രോഗിക്ക് സ്വീകരിക്കേണ്ടി വരുന്നില്ല. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്മകൾ ഒരു വർഷം വരെ ശേഖരിച്ച് സൂക്ഷിക്കാൻ കഴിയും.


ശ്വാസതടസ്സം, രക്തത്തിൽ ഓക്‌സിജന്റെ അളവ് കുറവ്, ന്യൂമോണിയ തുടങ്ങി കാറ്റഗറി സി വിഭാഗത്തിലുള്ള രോഗികൾക്കും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കുമാണ് പ്ലാസ്മ ചികിത്സ നൽകുന്നത്. ഇവർക്ക് ആവശ്യമായ രക്ത പരിശോധനയ്ക്ക് ശേഷമാണ് പ്ലാസ്മ നൽകുന്നത്. ഇത്തരത്തിൽ രോഗിയുടെ ശരീരത്തിൽ എത്തുന്ന പ്ലാസ്മ കോവിഡ് വൈറസിനെ തുരത്താൻ സഹായിക്കുന്നതാണ്. ആവശ്യമായ പ്ലാസ്മ ശേഖരിച്ച് വെച്ച് അത്യാവശ്യ രോഗികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാസ്മ ബാങ്കുകൾ സ്ഥാപിച്ചു വരുന്നത്. മെഡിക്കൽ കോളേജിന് കീഴിലുള്ള ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ ബ്ലഡ് ബാങ്കിലാണ് ഇതിലുള്ള സൗകര്യമൊരുക്കിയത്.
കോവിഡ് മുക്തരായ ധാരാളം പേർ സ്വമേധയാ പ്ലാസ്മ നൽകാൻ സന്നദ്ധരായി വന്നിട്ടുണ്ട്. കോവിഡ് വ്യാപനം തുടരുന്നതിനാൽ ജീവൻ രക്ഷിക്കാനായി ഇനിയും കൂടുതൽ പേർ പ്ലാസ്മ നൽകാൻ തയാറാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

 

Latest News