കാസർകോട് - കാസർകോട് ജില്ലക്കിനി ആശ്വസിക്കാം.. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് കാസർകോട് ചട്ടഞ്ചാലിൽ സ്ഥാപിക്കുന്ന കോവിഡ് കെണ്ടയ്‌നർ ആശുപത്രിയുടെ നിർമാണം അന്തിമ ഘട്ടത്തിലായി.
ജൂൈല അവസാന വാരത്തോടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി സർക്കാറിന് കൈമാറുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളാണ് ചട്ടഞ്ചാലിൽ നടന്നുവരുന്നതെങ്കിലും ജോലികൾ കുറെ പൂർത്തീകരിക്കാൻ അവശേഷിക്കുന്നതിനാൽ ഒരു മാസം കൂടി വേണ്ടിവരുമെന്നാണ് കരുതുന്നത്.
ഓരോ പ്രതിസന്ധി ഘട്ടത്തിലും സർക്കാറും ജില്ലാ ഭരണകൂടവും നൽകിയ സഹകരണമാണ് നിർമാണ ജോലികൾ വേഗത്തിലാക്കിയതെന്ന് ടാറ്റാ ഗ്രൂപ്പ് പ്രോജക്റ്റ് അഡ്മിനിസ്‌ട്രേറ്റർ പി.എൽ. ആന്റണി പറയുന്നു. ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നതോടെ മൂന്ന് സോണുകളായി തിരിക്കും. സോൺ നമ്പർ ഒന്നിലും മൂന്നിലും ക്വാറന്റൈൻ സംവിധാനങ്ങളും സോൺ നമ്പർ രണ്ടിൽ കോവിഡ് പോസിറ്റീവ് ആയ ആളുകൾക്കുള്ള പ്രത്യേക ഐസൊലേഷൻ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോൺ ഒന്നിലും മൂന്നിലും ഓരോ കണ്ടെയ്‌നറുകളിലും അഞ്ചു കിടക്കകൾ, ഒരു ശുചിമുറി എന്ന വിധത്തിലും സോൺ രണ്ടിലെ യൂനിറ്റിൽ ശുചിമുറിയോട് കൂടിയ ഒറ്റ മുറിയുമാണുള്ളത്.
128 കണ്ടെയ്‌നറുകളിലായി 540 കിടക്കകളാണ് ആശുപത്രിയിൽ സജ്ജീകരിക്കുന്നത്. ഒരു യൂനിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്.
ചട്ടഞ്ചാൽ മാഹിനാബാദിൽ അഞ്ച് ഏക്കർ സ്ഥലത്തായി റിസപ്ഷൻ സംവിധാനം, ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രത്യേകം മുറികൾ തുടങ്ങി എല്ലാ സംവിധാനങ്ങളാണ് ആശുപത്രിയിൽ തയാറാക്കുന്നത്. ഇന്ത്യയിൽ പലയിടങ്ങളിലും അടിയന്തര ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിന് ടാറ്റാ ഗ്രൂപ്പ് ഇത്തരത്തിൽ ആശുപത്രികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിച്ചു നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത് ആദ്യമായി കാസർകോട്ടാണ് ചെയ്യുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 28 നാണ് ആശുപത്രിയുടെ നിർമാണം തുടങ്ങിയത്. നിലവിൽ 50 തൊഴിലാളികളാണ് നിർമാണ പ്രവൃത്തികൾ നടത്തിവരുന്നത്. സാങ്കേതിക തൊഴിലാളികളേറെയും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്.
പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായതും ഇടയ്ക്ക് ആശുപത്രി നിർമാണം മന്ദഗതിയിലാക്കിയിരുന്നു. പ്രതിസന്ധികളെ അതിജീവിച്ചാണ് മൂന്ന് മാസം കൊണ്ട് ടാറ്റാ ആശുപത്രിയുടെ നിർമാണം പൂർത്തീകരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിച്ച കണ്ടയ്‌നറുകൾ സ്ഥലത്ത് ഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.