ദമാം- പാലത്തായി കേസിലെ പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം ലഭിക്കുന്ന രീതിയിൽ പോക്‌സോ ഒഴിവാക്കി നൽകിയതിലൂടെ സി.പി.എം-ബി.ജെ.പി ഒത്തുകളി പുറത്തായിരിക്കുകയാണെന്ന് ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌നാ മിയാൻ പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി ദമാം റീജണൽ കമ്മിറ്റി 'പാലത്തായിൽ നടന്നത് ഒത്തുകളിയാണ് എന്ന തലക്കെട്ടിൽ' നടത്തിയ വെർച്വൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പാലത്തായി പീഡനക്കേസിൽ പ്രതി ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജൻ ജാമ്യത്തിലിറങ്ങുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാെണന്നും പത്മരാജന് സി.പി.എമ്മിൻെറ ഭരണത്തിൽ കിട്ടുന്ന സംരക്ഷണത്തിന്റെ തെളിവാണിതെന്നും, ഈ കേസിൽ പീഡനത്തിനിരയായ കുട്ടിയോടൊപ്പം നീതി ലഭിയ്ക്കുംവരെ വെൽഫെയർ പാർട്ടിയും അതിന്റെ പോഷക സംഘടനകളും മുന്നിൽ തന്നെയുണ്ടാകുമെന്നും അവർ പറഞ്ഞു.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാജിദ് ആറാട്ടപ്പുഴ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഇനിയൊരു കുഞ്ഞിനും ഇതുപോലുള്ള അനുഭവം ഉണ്ടാവാൻ പാടില്ലെന്നും ഈ സംഭവത്തിൽ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെയും മൗനം അൽഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. കൊണ്ടും കൊടുത്തും സി.പി.എമ്മും ആർ.എസ്.എസും പോരടിക്കുന്ന പാനൂർ മേഖലയിലെ പാലത്തായി കേസിൽ ഇരുകക്ഷികളുടെയും സമീപനം സമാനമാകുന്നുവെന്ന വൈരുധ്യവും സവിശേഷതയാണെന്ന് അധ്യക്ഷത വഹിച്ച റീജണൽ കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർ വായ് മൂടി കെട്ടി പ്രതിഷേധം അറിയിച്ചു.
റീജണൽ കമ്മിറ്റി സെക്രട്ടറി അഡ്വ. സനീജ സഗീർ സ്വാഗതവും റഊഫ് ചാവക്കാട് നന്ദിയും പറഞ്ഞു. ഷമീർ കാരാട്ട് പരിപാടി നിയന്ത്രിച്ചു. വിവിധ റീജണൽ-ജില്ലാ കമ്മിറ്റി നേതാക്കളായ, തൻസീം, ഷരീഫ് കൊച്ചി, അബ്ദുറഹീം, സലീം കണ്ണൂർ, സഈദ് ഹമദാനി, അമീർ പൊന്നാനി, ജസീർ മട്ടന്നൂർ, ഷമീം, ജമാൽ ആലുവ, ഡോ. സഗീർ, ജോഷി ബാഷ, സക്കീർ എന്നിവരടക്കം നൂറോളം പേർ പങ്കെടുത്തു. റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പൂതകുളത്തിന്റെ അമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചു.