സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം തെളിഞ്ഞു; ഗണ്‍മാന്റെ നിയമനത്തില്‍ ദുരൂഹതയെന്ന് കെ സുരേന്ദ്രന്‍

കൊച്ചി-സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞതായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ട്. യുഇഎ അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷിന്റെ നിയമനത്തില്‍ ദുരൂഹതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചത്.സുരക്ഷ പരിഗണിച്ച് കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ഗണ്‍മാന്റെ നിയമനമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ഇത് തികച്ചും വസ്തുതാ വിരുദ്ധമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.യുഎഇ കോണ്‍സുലേറ്റിന് സുരക്ഷ ഒരുക്കണമെന്ന് മാത്രമാണ് കേന്ദ്രം നിര്‍ദേശിച്ചത് . ഗണ്‍മാനെ നിയോഗിക്കണമെന്ന് പറഞ്ഞിട്ടില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതന്‍മാരുടെ കാര്യങ്ങള്‍ നടക്കാന്‍ വേണ്ടിയാണ് ഗണ്‍മാന്റെ നിയമനം നടത്തിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 

Latest News