തിരുവനന്തപുരം- തലസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വിദ്യാര്‍ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ട്രിപ്പിള്‍ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വിമര്‍ശനത്തിനു കാരണമായിരുന്നു.
അതിനിടെ, തിരുവനന്തപുരം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇവരിലേറെ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.






