കോട്ടയം- സമ്പർക്ക വ്യാപനം കുതിച്ചുയരുന്നതിനാൽ കോട്ടയം അതിവ്യാപന മേഖലയിൽ. ചങ്ങനാശ്ശേരി മാർക്കറ്റ് ജില്ലയിലെ അതിവ്യാപന മേഖലയായതിനിടെ പത്ര സ്ഥാപനത്തിലെ വിതരണ വിഭാഗത്തിലുള്ള ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം നഗരത്തിനു സമീപമുളള ചുങ്കം സ്വദേശിയായ ജീവനക്കാരനാണ് കോവിഡ്. സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചങ്ങനാശ്ശേരി, ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് ഉൾപ്പെടെയുളള വ്യാപാര സ്ഥാപനങ്ങൾ അടച്ചു. ചങ്ങനാശ്ശേരി മാർക്കറ്റിൽ കോവിഡ് അതിദ്രുതം വ്യാപിക്കുകയാണ്. മാർക്കറ്റിലെ 20 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 46 പേർക്കാണ് ജില്ലയിൽ രോഗം. ഇതോടെ ചങ്ങനാശ്ശേരി മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.
ചങ്ങനാശ്ശേരിയിൽ ആന്റിജൻ പരിശോധനയാണ് നടത്തിയത്. ഏറ്റുമാനൂരിൽ ഇന്നലെ രാവിലെ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ചൊവ്വ മുതൽ മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.
പാലാ നഗരസഭ, തിരുവാർപ്പ്, ചിങ്ങവനം എന്നിവിടങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് യോഗം തീരുമാനിച്ചു. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളും മെഡിക്കൽ ഷോപ്പുകളും ഒഴികെ എല്ലാ കടകളും ചൊവ്വാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ അടച്ചിടും.
ജൂലായ് 27 മുതൽ കടകൾ തുറക്കുന്നത് അന്നത്തെ സാമൂഹിക പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് പ്രസിഡന്റ് എൻ.പി.തോമസ് പറഞ്ഞു. ഹോട്ടലുകളിൽ പാഴ്‌സൽ സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. അവശ്യ സർവീസായി തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഒരു കാരണവശാലും ആളുകളെ പ്രവേശിപ്പിക്കരുത്. സാമൂഹിക അകലം പാലിച്ച് പുറത്തു നിർത്തി സാധനങ്ങൾ കൊടുക്കണം. ഹോം ഡെലിവറി സൗകര്യമുള്ളവർ ആ രീതി അവലംബിക്കുമ്പോൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്നും കർശന നിർദേശമുണ്ട്.
ജില്ലയിൽ സമ്പർക്കം മുഖേന 36 പേർക്കുകൂടി കോവിഡ്-19 ബാധിച്ചു. ഇവർ ഉൾപ്പെടെ ആകെ 46 പേർ പുതിയതായി രോഗബാധിതരായി. സമ്പർക്കം മൂലം രോഗം ബാധിച്ചവരിൽ 20 പേരിൽ 12 ഉം മത്സ്യമാർക്കറ്റിലെ ജീവനക്കാരാണ്. സമ്പർക്കത്തിലൂടെ പത്തു വയസുകാരനും രോഗ ബാധിതനായി. സൗദിയിൽ നിന്നെത്തിയ തൃക്കൊടിത്താനം സ്വദേശി (25), പായിപ്പാട് സ്വദേശി ( 55) യു.എ.ഇയിൽ നിന്നെത്തിയ ക്വാറന്റൈനിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശികളായ യുവ ദമ്പതികൾക്കും അഞ്ചും മൂന്നും വയസുളള മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ 521 പേർക്ക് കോവിഡ് ബാധിച്ചു. 255 പേർ രോഗമുക്തരായി. 266 പേർ ചികിത്സയിലുണ്ട്.