Sorry, you need to enable JavaScript to visit this website.

തുടർച്ചയായ അഞ്ചാം വാരവും ഓഹരി വിപണി തിളങ്ങി

പ്രമുഖ ഓഹരി സൂചികകൾ 15 മാസത്തിനിടയിൽ ആദ്യമായി തുടർച്ചയായ അഞ്ചാം വാരവും തിളങ്ങി. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഓഹരി സൂചികയിൽ ദൃശ്യമായ അപ്രതീക്ഷിത തിളക്കം ഒരു വിഭാഗം ഇടപാടുകാരുടെ മനസ്സിൽ ചാഞ്ചാട്ടം ഉളവാക്കി. പുതിയ ബയ്യിംഗിന് മുതിരണോ അതോ അൽപം ക്ഷമിച്ച ശേഷം പണം ഇറക്കിയാൽ മതിയോയെന്ന ആശയകുഴപ്പത്തിലാണ്. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം ആദ്യമാണ് സൂചികയിൽ ഇത്തരം ഒരു ബുൾ റാലി. ബോംബെ സെൻസെക്‌സ് 425 പോയന്റും നിഫ്റ്റി 133 പോയന്റും പോയവാരം ഉയർന്നു. 
ബി.എസ്.ഇ, എൻ.എസ്.ഇ സൂചികൾ ഒരു മാസത്തിനിടയിൽ മുന്നേറിയത് പത്ത് ശതമാനത്തിന് മുകളിലാണ്. 


ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് നിക്ഷേപകർക്ക് അനുകൂലമായി. പിന്നിട്ട രണ്ടാഴ്ചകളിൽ ആറ് ശതമാനം കുറഞ്ഞു. പോയവാരം സൂചിക 24.81 ൽ നിന്ന് 23.99 ലേയ്ക്ക് നീങ്ങി. വോളാറ്റിലിറ്റി സൂചിക താഴുന്നത് നിക്ഷേപത്തിന് അനുകൂല സാഹചര്യമെന്നാണ് കണക്കാക്കുന്നത്.   ഇന്ത്യൻ മാർക്കറ്റ് മാർച്ചിലെ താഴ്ന്ന നിലവാരത്തിൽനിന്ന് ഏതാണ്ട് 45 ശതമാനം ഉയർന്നു. വിപണി ഓവർ ഹീറ്റായതിനാൽ പ്രോഫിറ്റ് ബുക്കിംഗിന് മുൻ തൂക്കം നൽകുന്നതാവും ചെറുകിട നിക്ഷേപകരുടെ സ്വരക്ഷയ്ക്ക് കൂടുതൽ ഉചിതം. ഫ്യൂച്ചേഴ്‌സിൽ ജൂലൈയ് സീരീസ് സെറ്റിൻമെൻറ്റിന് 30 തിയതിയാണ്.    
ബോംബെ സൂചിക 36,594 പോയന്റിൽ നിന്ന് 37,126 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 37,020 ലാണ്. ഈവാരം 37,471 ലേയ്ക്ക് ഉയരാനാവും ആദ്യ ശ്രമം. ഇത് മറികടന്നാൽ 37,923 വരെ ഉയർത്താൻ അണിയറ നീക്കം ഓപറേറ്റമാർ നടത്താം. അതേ സമയം ആദ്യ സപ്പോർട്ട് 36,222 ലും 35,425 പോയന്റിലുമാണ്. വിപണിയുടെ മറ്റ്  സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ പ്രതിദിന ചാർട്ടിൽ പാരാബോളിക്ക് എസ്.എ.ആർ, സൂപ്പർ ട്രന്റ് എന്നിവ ബുള്ളിഷാണ്. 


നിഫ്റ്റിയിൽ വീണ്ടും ചാഞ്ചാട്ടം ശക്തമായി. ഓരോ തളർച്ചയിലും വിദേശ ഓപറേറ്റർമാർ മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചതിനൊപ്പം ഫണ്ടുകൾ മുന്നേറ്റ വേളയിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് നീക്കം നടത്തുന്നുണ്ട്. തൊട്ട് മുൻവാരം നിഫ്റ്റിയിലെ ചാഞ്ചാട്ടം 172 പോയന്റിൽ ഒതുങ്ങിയെങ്കിൽ കഴിഞ്ഞവാരം  അത് 371 പോയന്റായി. വിദേശ ഫണ്ടുകൾ 2650 കോടി രൂപയുടെ വിൽപന നടത്തി. വിപണിക്ക് ശക്തമായ പിൻതുണയുമായി ആഭ്യന്തര മ്യുച്വൽ ഫണ്ടുകൾ നിഷേപകരായുണ്ട്.


പോയവാരം സൂചിപ്പിച്ച 10,936 പോയന്റിലെ പ്രതിരോധത്തിന് രണ്ട് പോയന്റ് അകലെ 10,934 വരെ നിഫ്റ്റി സൂചികയ്ക്ക് ഉയരാനായുള്ളു. 10,768 ൽ നിന്നും 165 പോയന്റ് സ്വന്തമാക്കിയെങ്കിലും പ്രതിരോധ മേഖലയിൽ വിദേശ ഫണ്ടുകൾ വിൽപനയ്ക്ക് തിടുക്കം കാണിച്ചു. ഒരുവേള സൂചിക 10,562 വരെ തളർന്ന ശേഷം ക്ലോസിംഗിൽ 10,901 പോയന്റിലാണ്. മാർക്കറ്റ് ബുള്ളിഷാണെങ്കിലും മുന്നിൽ വൻ കടമ്പകളുണ്ട്. പ്രതിവാര ചാർട്ടിൽ സൂപ്പർ ട്രന്റ് 11,123 പോയന്റിലേയ്ക്ക് വൻമതിൽ ഉയർത്തി. ഈവാരം ഡെയ്‌ലി ചാർട്ടിൽ നിഫ്റ്റിക്ക് ആദ്യ തടസ്സം 11,035 പോയന്റിൽ പ്രതീക്ഷിക്കാം. ഇത് മറികടന്നാൽ 11,169 ലും തുടർന്ന് 11,540 പോയന്റിലേയ്ക്കും സഞ്ചരിക്കാം. വിപണി തിരുത്തലിന് ശ്രമിച്ചാൽ 10,66410,428 ൽ താങ്ങുണ്ട്. കോർപറേറ്റ് മേഖല ഈ വാരം ത്രൈമാസ പ്രവർത്തന ഫലം പുറത്തുവിടും. ഏതാണ്ട് 260 കമ്പനികളുടെ പ്രവർത്തന റിപ്പോർട്ട് ഈവാരം പുറത്തുവരും.  ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ഉയർന്നു. വിനിമയ നിരക്ക് 75.18 ൽ നിന്ന് വാരാവസാനം 74.88 ലേയ്ക്ക് നീങ്ങി.   അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ ബാരലിന് 40.57 ഡോളറിലാണ്. 43 ലെ പ്രതിരോധം പെടുന്നനെ തകർക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. സ്വർണം ട്രോയ് ഔൺസിന് 1800 ഡോളറിന് മുകളിൽ ഇടം കണ്ടത്തി. 1798 ഡോളറിൽ ട്രേഡിങ് തുടങ്ങിയ മഞ്ഞലോഹത്തിന് മുൻവാരം വ്യക്തമാക്കിയിരുന്നു 1812 ഡോളറിലെ തടസ്സം ക്ലോസിംഗിൽ മറികടക്കാനാവാതെ 1811 ഡോളറിലാണ്. 

 

Latest News