കൽപറ്റ-വയനാട്ടിൽ എട്ടു കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 1500 ഓളം കിടക്കകൾ സജ്ജമാക്കിയതായി ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം കിടക്കകളുടെ എണ്ണം 2,500 ആയി വർധിപ്പിക്കും.നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-144,മാനന്തവാടി ഗവ.കോളേജ്- 100, ദ്വാരക പാസ്റ്ററൽ സെന്റർ-70,മനന്തവാടി വയനാട് സ്‌ക്വയർ-30,കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-275,പൂക്കോട് നവോദയ സ്‌കൂൾ-480,ബത്തേരി ഡയറ്റ്-100,അധ്യാപക ഭവൻ-82,നൂൽപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-210,വൈത്തിരി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ-150 എന്നിങ്ങനെയാണ് കിടക്കകൾ സജ്ജീകരിച്ചത്. വൈത്തിരി താലൂക്കിൽ വെറ്ററിനറി യൂണിവേഴ്‌സിറ്റി ലേഡീസ് ഹോസ്റ്റലുകൾ, മേപ്പാടി പോളിടെക്‌നിക് തുടങ്ങിയ ഇടങ്ങളിലായി ആയിരത്തോളം കിടക്കകൾ അടുത്ത ദിവസം സജ്ജീകരിക്കും. ജില്ലാ നിർമിതി കേന്ദ്രയാണ് ഒരാഴ്ചയ്ക്കകം ഇത്രയും കോവിഡ് ചികിത്സാകേന്ദ്രങ്ങൾ സജ്ജീകരിച്ചത്. കട്ടിൽ, ബെഡ്, ബെഡ്ഷീറ്റ്, തലയിണ, സൈനേജുകൾ, മൊബൈൽ ചാർജിംഗ് സൗകര്യം, ടോയ്‌ലറ്റ്, ബാത്ത്‌റൂമുകൾ, ഡ്രിപ് സ്റ്റാൻഡ് തുടങ്ങിയ സൗകര്യങ്ങളാണ് സി.എഫ്.എൽ.ടി.സികളിൽ ഒരുക്കുന്നത്. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ തുടങ്ങുന്നതിനു അയ്യായിരത്തിലധികം കിടക്കകൾക്കുള്ള സൗകര്യം ഇതിനകം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്.