Sorry, you need to enable JavaScript to visit this website.

പാലത്തായി പീഡനം; ക്രൈംബ്രാഞ്ചിനെ ന്യായീകരിച്ച് പി. ജയരാജൻ, വിവാദം മുറുകുന്നു

കണ്ണൂർ - പാലത്തായി പീഡനക്കേസിൽ പോക്‌സോ വകുപ്പ് ഒഴിവാക്കിയുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രത്തിനെതിരെ, വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ക്രൈംബ്രാഞ്ചിനെ ന്യായീകരിച്ച് സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. പോസ്റ്റിനെതിരെ മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.
പാലത്തായിയിലെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനു സ്വാഭാവിക ജാമ്യം ലഭിച്ച നടപടിക്കെതിരെയാണ് കക്ഷി ഭേദമന്യേ രാഷ്ട്രീയ നേതൃത്വം രംഗത്തു വന്നിരുന്നത്. പോക്‌സോ വകുപ്പനുസരിച്ചാണ് ആദ്യം കേസെടുത്തിരുന്നുവെങ്കിലും ഈ വകുപ്പു ഒഴിവാക്കിയാണ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. പോക്‌സോ വകുപ്പു ചേർക്കാൻ തെളിവുകളില്ലെന്നായിരുന്നു കണ്ടെത്തൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള കുറ്റപത്രമായതിനാൽ സ്വാഭാവിക ജാമ്യവും ലഭിച്ചു. ഇതിനെതിരെ എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിരുന്നു. എന്നാൽ പിന്നീട് ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ രംഗത്തു വരികയും ചെയ്തു. മുഖ്യമന്ത്രിയുടെ നാട്ടിൽ, ആരോഗ്യവകുപ്പു മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന പീഡനക്കേസിൽ ഇരയ്ക്കു നീതി ലഭിക്കാൻ നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം. ഇതിനെതിരെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പു മന്ത്രിയും വിശദീകരണവുമായി രംഗത്തു വരികയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പി.ജയരാജൻ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ക്രൈംബ്രാഞ്ചിനെ ന്യായീകരിച്ചത്. പാലത്തായിയിൽ വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നതെന്ന് ജയരാജൻ കുറിച്ചു. പഴുതില്ലാതെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നിശ്ചയദാർഡ്യത്തോടെയുള്ള നീക്കമാണ് നടത്തുന്നത്. ആർ.എസ്.എസുകാരനായ പ്രതിയെ സി.പി.എം രക്ഷപ്പെടുത്തുന്നുവെന്ന പ്രചാരണമാണ് മുസ്‌ലിം ലീഗും പോപ്പുലർഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും ഒക്കെ നടത്തുന്നത്. എന്നാൽ പോലീസ് കൃത്യമായ അന്വേഷണമാണ് നടത്തുന്നത്. അതുകൊണ്ടു തന്നെ പോലീസ് നിലപാട് ശരിയാണെന്ന് ഉറപ്പിച്ചു പറയാം. മുസ്‌ലിം തീവ്രവാദ സംഘടനകൾ കുടുംബ ഗ്രൂപ്പുകളിലും മറ്റും സി.പി.എം വിരുദ്ധ പ്രചാരണം നടത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനമാണ് ആവശ്യം. സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷനും കർമ്മസമിതിയും നടപടി കൈക്കൊണ്ടത്. പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കുന്നതിനു സഹായകരമായ തുടരന്വേഷണം നടക്കുന്നുണ്ട്. കുട്ടി പീഡനത്തിനിരയായി എന്ന മെഡിക്കൽ റിപ്പോർട്ടുമുണ്ടെന്നും ജയരാജൻ പറയുന്നു.
എന്നാൽ ഈ കേസിൽ പോലീസ് - സി.പി.എം - ആർ.എസ്.എസ് ഗൂഢാലോചന എന്ന ആരോപണം ശരിവെക്കുന്നതാണ് മുതിർന്ന സി.പി.എം നേതാവായ ജയരാജന്റെ ഫേസ്ബുക് കുറിപ്പെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം പറയുന്നു. പാലത്തായി കേസിൽ പ്രതിക്കു ജാമ്യം കിട്ടാൻ വഴിവെച്ചതിൽ അന്വേഷണ സംഘത്തിനോ പ്രോസിക്യൂഷനോ വീഴ്ചയുണ്ടായോ എന്നു പരിശോധിച്ച് നടപടിയെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിരിക്കെയാണ് അന്വേഷണ സംഘത്തെ ന്യായീകരിച്ച് ജയരാജൻ രംഗത്തു വന്നിരിക്കുന്നതെന്നും ലീഗ് നേതൃത്വം ആരോപിച്ചു. മാത്രമല്ല, ഈ കേസിന്റെ തുടക്കം മുതൽ പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തിയത്. 2020 ജനുവരി 15 നു പരാതി നൽകിയിട്ടും, മൂന്നു മാസത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അതും ശക്തമായ സമരപരിപാടികൾക്കു ശേഷം മാത്രം. സ്വന്തം മണ്ഡലത്തിൽ നടന്ന ശിശുപീഡനക്കേസിൽ പ്രതിയെ അറസ്റ്റു ചെയ്തില്ലെന്ന കാര്യം ശിശുക്ഷേമ വകുപ്പു മന്ത്രികൂടിയായ കെ.കെ.ശൈലജ ടീച്ചർ അറിഞ്ഞിരുന്നില്ലെന്നത് ലജ്ജാകരവും വിരോധാഭാസവുമാണെന്നും ലീഗ് നേതൃത്വം പറയുന്നു.  ജുവനൈൽ ജസ്റ്റിസ് ആക്ട് മാത്രം ചേർത്ത് കുറ്റപത്രം നൽകുന്നതിലൂടെ പ്രതിക്കു രക്ഷപ്പെടാനുള്ള  അവസരം ഒരുക്കുകയാണ് ചെയ്തത്. വസ്തുതകൾ ഇതായിരിക്കെ, സ്വന്തം പാർട്ടി സെക്രട്ടറിയുടെ തന്നെ നിലപാടിനെ തള്ളിപ്പറയുന്ന വിധത്തിൽ സംസ്ഥാന സമിതി അംഗം തന്നെ രംഗത്തു വന്നത് സി.പി.എം - ആർ.എസ്.എസ് ഗൂഡാലോചനയുടെ മറ്റൊരു തലം വെളിപ്പെടുത്തുന്നുവെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു.

 

Latest News