തിരുവനന്തപുരം- സ്വർണ്ണക്കള്ളക്കടത്ത്, സ്പ്രിംഗ്ലർ കമ്പനിയുമായുള്ള സർക്കാർ ഇടപാട്എന്നിവചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സി.പി.എം.ദേശിയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ബഹുരാഷ്ട്ര കമ്പനികളുമായി ചേർന്നു നടത്തുന്ന അഴിമതികളിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പാർട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവെന്ന നിലയിൽ ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തെക്കുറിച്ച് സീതാറാം യെച്ചൂരി വിശദീകരിക്കണം. ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.
കേരളത്തിലെ സി.പി.എമ്മിന് സംസ്ഥാന ഭരണത്തിൽ യാതൊരു നിയന്ത്രണവുമില്ലന്ന് ഇവിടെനടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളോടെ വ്യക്തമായിരിക്കുകയാണ്. എൻ.ഐ.എ യുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഇതിന്റെയൊക്കെ പശ്ചാതലത്തിൽ സിപി.എം അഖിലേന്ത്യാ നേതൃത്വം ഈ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണം. സംസ്ഥാന മന്ത്രി സഭയെ ഇരുട്ടിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വീകരിച്ച നിയമവിരുദ്ധവും ഏകാധിപത്യപരവുമായ തിരുമാനങ്ങളുടെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. സി.പി.എമ്മിന്റെ പ്രഖ്യാപിതമായ നയപരിപാടികളിൽ നിന്നുള്ള നഗ്നമായ വ്യതിചലനമാണ് ഇവയിൽ കാണുന്നത്.
അഴിമതി, സ്വജനപക്ഷ പാതം, ക്രിമനൽവൽക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ ആരോപണങ്ങളിൽപ്പെട്ടുഴലുകയാണ് സി.പി.എം പൊളിറ്റ് ബ്യുറോ അംഗം കൂടിയായ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.