Sorry, you need to enable JavaScript to visit this website.

ബ്രിട്ടനിലെ കോവിഡ് പ്രതിരോധ വാക്‌സിന്‍  പരീക്ഷണത്തില്‍ പങ്കാളിയായി മലയാളി ഡോക്ടറും

ലണ്ടന്‍-ബ്രിട്ടന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് മലയാളി ഡോക്ടറും. ഹള്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ ഗ്രിംപ്‌സിയില്‍ കണ്‍സള്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റ് ആയ ഡോ ജോജി കുര്യാക്കോസാണ് രണ്ടാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട വാക്‌സിന്‍ ട്രയലിലാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോ ജോജി കുര്യാക്കോസ് പങ്കെടുത്തത്.മൂന്നാം ഘട്ടത്തില്‍ പ്രായവ്യത്യാസമില്ലാതെ ഒട്ടേറെപ്പേര്‍ക്കു വാക്‌സിന്‍ നല്‍കുന്നതാണ്. മൂന്നുഘട്ടവും വിജയകരമായ ശേഷമേ വാക്‌സിന്‍ ലഭ്യമാകൂ. ഒന്നാം ഘട്ടത്തിന്റെ ഔദ്യോഗിക ഫലം ഇന്നോ നാളെയോ പുറത്തു വരും. വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവരെ ഒരു വര്‍ഷം നിരീക്ഷിക്കും.
പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനാണു താനും പങ്കാളിയായതെന്നു ഡോ. ജോജി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഡോ. ജോജി സജീവമായി പങ്കെടുത്തു വരികയാണ്. യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്ന ഹെല്‍പ് ലൈനില്‍ മുഴുവന്‍ സമയവും സേവനവുമായി ഡോ. ജോജി കുര്യാക്കോസ് പ്രവര്‍ത്തിച്ചിരുന്നു. മുപ്പതോളം മുതിര്‍ന്ന ഡോക്ടര്‍മാരും പത്തോളം മുതിര്‍ന്ന നഴ്‌സുമാരും ഉള്‍പ്പെടുന്ന കോര്‍ ടീമില്‍ പ്രധാന പങ്കാളിത്തം വഹിച്ചു കൊറോണക്കാലത്തു മെഡിക്കല്‍ അഡൈ്വസ് നല്‍കി മലയാളി സമൂഹത്തിനു ആവശ്യമായ പിന്തുണ ഡോ. ജോജി നല്‍കിയായിരുന്നു ഡോക്ടറുടെ സേവനം.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചിരിക്കുന്ന കൊറോണ വാക്‌സിന്‍ ഏഴ് വര്‍ഷത്തോളം രോഗത്തില്‍ നിന്നും സംരക്ഷണമേകുമെന്ന വാഗ്ദാനവുമായി ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് സയന്റിസ്റ്റ് പ്രഫ.സാറാ ഗില്‍ബര്‍ട്ട് രംഗത്തുവന്നിരുന്നു. ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ കൊറോണക്കെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഏറെ പ്രതീക്ഷ ഉയര്‍ന്നിരിക്കുന്നത് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച ഈ വാക്‌സിന്‍ ആണെന്ന് അവര്‍ പറയുന്നു .
ഒരു വ്യക്തിക്ക് കൊറോണ പിടിപെടുന്നതിനെ തുടര്‍ന്ന് ലഭിക്കുന്ന പ്രകൃത്യാലുള്ള പ്രതിരോധ ശേഷിയേക്കാള്‍ കൂടുതല്‍ പ്രതിരോധം ഈ വാക്‌സിനിലൂടെ ലഭിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് കോമണ്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കമ്മിറ്റിക്ക് മുന്നില്‍ പ്രഫ. സാറാ വെളിപ്പെടുത്തിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി 8000 ബ്രിട്ടീഷുകാരാണ് ട്രയലില്‍ പങ്കെടുത്തിരിക്കുന്നത്. ആസ്ട്രാസെനെക എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഈ വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്.
 

Latest News