മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സിപിഐഎം

തിരുവനന്തപുരം- മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സിപിഐഎം തീരുമാനിച്ചു.സര്‍ക്കാരില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറയുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിമാരുടെ പ്രധാനപ്പെട്ട സ്റ്റാഫുകളുടെ യോഗം വിളിക്കും. നേരത്തെ കൃത്യമായ നിയന്ത്രണമായിരുന്നു പാര്‍ട്ടിക്ക് സ്റ്റാഫിലുണ്ടായിരുന്നത്. എന്നാല്‍ അത്തരം നിയന്ത്രണം കുറഞ്ഞുവെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം  വിളിക്കുന്നത്.

ജൂലൈ 23നാണ് യോഗം ചേരുന്നത്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഇഷ്ടപ്രകാരം കാര്യങ്ങള്‍ നടപ്പാക്കിയെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജീവനക്കാര്‍ക്ക് മേല്‍ ആരോപണങ്ങള്‍ പതിവാകുന്ന സാഹചര്യം ഒഴിവാക്കി മുമ്പോട്ട് പോകുന്നതിനാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം.
 

Latest News