Sorry, you need to enable JavaScript to visit this website.

കൊണ്ടോട്ടിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട; നാലു പേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി- കൊണ്ടോട്ടിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. നാലു പേര്‍ അറസ്റ്റിലായി. ബൈപാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് കഞ്ചാവുമായി നാലു പേര്‍ അറസ്റ്റിലായത്. കോളനി റോഡ് കാവുംകണ്ടി മുഹമ്മദ് ഷരീഫ് (27), മുക്കം പന്നിക്കോട് അമല്‍(23), നമ്പോലന്‍കുന്ന് വലിയപറമ്പില്‍ ജയ്‌സല്‍ അമീന്‍(22), കോളനി റോഡ് വയ്ത്തല പറമ്പില്‍ ഉമറുല്‍ ഫാറൂഖ് (27) എന്നിവരെയാണ് ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

    പോലീസിന്റെ നാര്‍കോട്ടിക് സംബന്ധമായ രഹസ്യ വിവരങ്ങള്‍ കൈമാറുന്ന യോദ്ധ ആപ്പ് വഴി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഏറെക്കാലമായി കൊണ്ടോട്ടി പിരസത്ത് തമ്പടിച്ച് പൊതുജനത്തിന് ഭീഷണിയായി കഞ്ചാവ് വില്‍പനയും ഉപയോഗവുമായി കഴിയുകയായിരന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും കൊണ്ടോട്ടി പരിസരത്തെ ചെറുതും വലുതുമായ നിരവധി കഞ്ചാവ് കച്ചവടക്കാരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. ആയിരം രൂപക്ക് കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി വന്‍ തുകക്ക് വില്‍ക്കുകയാണ് ഇവരുടെ രീതി. ഇവര്‍ സ്ഥിരമായി കഞ്ചാവ് നല്‍കുന്നവരെ കുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
    മൂന്ന് ആഴ്ചക്കിടെ കഞ്ചാവ്, മയക്ക് മരുന്ന്, വ്യാജ നോട്ട് കേസുകളില്‍ കൊണ്ടോട്ടിയില്‍ നിന്ന് മാത്രം ജില്ലാ ആന്റി നാര്‍കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത് 13 പേരാണ്. ഇവരുടെ പ്രധാന കണ്ണികളെക്കുറിച്ച് പോലീസ് നിരീക്ഷണം നടത്തി വരികയാണ്. കൊണ്ടോട്ടിയില്‍ എത്തിച്ച വസ്തുക്കള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യുന്നതായാണ് കണ്ടെത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി സി.ഐ ബി.കെ ബിജു, എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Latest News