Sorry, you need to enable JavaScript to visit this website.

സാമ്പത്തികശാസ്ത്ര നൊബേല്‍ വീണ്ടും ഇന്ത്യയിലെത്തുമോ? ക്ലാരിവെറ്റ് സാധ്യതാ പട്ടികയില്‍ രഘുറാം രാജനും

 

 

ന്യൂദല്‍ഹി- സാമ്പത്തികശാസ്ത്ര രംഗത്തെ മികവിനുള്ള നൊബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമി തിങ്കഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയും പ്രതീക്ഷയില്‍. ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആറ് പ്രമുഖരില്‍ ഒരാളായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ഉള്‍പ്പെട്ടതാണ് പ്രതീക്ഷയ്ക്കു വകനല്‍കുന്നത്. നോബേല്‍ ജേതാക്കളെ പ്രവചിക്കുന്നതില്‍ വിദഗ്ധരായ പ്രശസ്ത റിസര്‍ച്ച് സ്ഥാപനമായ ക്ലാരിവെറ്റ് അനലിറ്റിക്‌സ് തയാറാക്കിയ ആറ് പേര്‍ ഉള്‍പ്പെടുന്ന അന്തിമ സാധ്യതാ പട്ടികയിലാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) മുന്‍ ചീഫ് ഇക്കണൊമിസ്റ്റ് കൂടിയായ രാജനും ഉള്‍പ്പെട്ടത്.

 

ക്ലാരിവെറ്റ് പട്ടികയ്ക്ക് നൊബേല്‍ സമ്മാനം നിര്‍ണയിക്കുന്ന സ്വീഡിഷ് അക്കാദമിയുമായി ഒരു ബന്ധവുമില്ല. അതു കൊണ്ട് തന്നെ രാജന്‍ നൊബേല്‍ സമിതിയുടെ പരിഗണനയില്‍ ഉള്‍പ്പെട്ടയാളാണോ എന്നും ഉറപ്പില്ല. ശാസ്ത്രീയവും അക്കാദമികവുമായ പഠനങ്ങള്‍ നടത്തി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരെ മാത്രമാണ് ക്ലാരിവെറ്റ് തെരഞ്ഞെടുക്കുന്നത്. കോര്‍പറേറ്റ് ഫിനാന്‍സ് രംഗത്തെ രാജന്റെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് അദ്ദേഹത്തെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ക്ലാരിവെറ്റ് വ്യക്തമാക്കി.

 

ഐ എം എഫിന്റെ ചീഫ് ഇക്കണൊമിസ്റ്റ് പദവിയിലെത്തിയ യൂറോപ്പിനു പുറത്തു നിന്നുള്ള ആദ്യ സാമ്പത്തിക വിദഗ്ധനാണ് അന്ന് 40-കാരനായിരുന്ന രാജന്‍. 2008-ല്‍ യുഎസിലുണ്ടായ സാമ്പത്തിക മാന്ദ്യം മൂന്ന് വര്‍ഷം മുമ്പ് 2015-ല്‍ നടന്ന സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തില്‍ വച്ച് പ്രവചിച്ചതോടെയാണ് രാജന്‍ ആഗോള ജനശ്രദ്ധ നേടിയത്. യുപിഎ സര്‍ക്കാരാണ് രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചത്. പദവിയില്‍ തുടരാന്‍ ആഗ്രമുണ്ടായിരുന്നെങ്കിലും എന്‍ഡിഎ സര്‍ക്കാര്‍ അദ്ദേഹത്തിനു കാലാവധി നീട്ടി നല്‍കിയില്ല.

 

Latest News